രമ്യാ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശം: സിപിഎം സെക്രട്ടേറിയറ്റില്‍ വിജയരാഘവന് രൂക്ഷവിമര്‍ശനം
തിരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ജാഗ്രതയോടെ പെരുമാറണമായിരുന്നുവെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നുമായിരുന്നു പ്രധാന വിമര്‍ശനം. പ്രസംഗം എതിരാളികള്‍ ആയുധമാക്കി. ഇതിന് വഴിയുണ്ടാക്കിക്കൊടുത്തത് വലിയ വീഴ്ചയാണെന്നും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരേ അശ്ലീല പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം. തിരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ജാഗ്രതയോടെ പെരുമാറണമായിരുന്നുവെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നുമായിരുന്നു പ്രധാന വിമര്‍ശനം. പ്രസംഗം എതിരാളികള്‍ ആയുധമാക്കി. ഇതിന് വഴിയുണ്ടാക്കിക്കൊടുത്തത് വലിയ വീഴ്ചയാണെന്നും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, തിരഞ്ഞെടുപ്പുകാലമായതിനാല്‍ വിജയരാഘവനെതിരേ പരസ്യമായ വിമര്‍ശനമോ അഭിപ്രായപ്രകടനമോ വേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. സ്ത്രീകളെ അധിക്ഷേപിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്നും പ്രസംഗം പരിശോധിക്കാന്‍ ലോ ഓഫിസറെ ചുമതലപ്പെടുത്തിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനും വ്യക്തമാക്കിയിരുന്നു.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ എ വിജയരാഘവനെ ന്യായീകരിച്ചാണ് കഴിഞ്ഞ ദിവസം രംഗത്തെത്തത്. പ്രസംഗം വളച്ചൊടിച്ചതാണെന്നും ആരെയും അധിക്ഷേപിക്കാനുദ്ദേശിച്ചിട്ടില്ലെന്നും വിശദീകരിച്ച വിജയരാഘവന്‍, പക്ഷേ സംഭവത്തില്‍ മാപ്പുപറയാന്‍ തയ്യാറായിരുന്നില്ല. ഏപ്രില്‍ ഒന്നിന് പൊന്നാനിയില്‍ പി വി അന്‍വറിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലായിരുന്നു വിജയരാഘവന്‍ രമ്യാ ഹരിദാസിനെതിരേ അശ്ലീല പരാമര്‍ശം നടത്തിയത്. വിജയരാഘവന്റെ പരാമര്‍ശത്തിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തുകയും പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.