തൃശൂരിലും കൊവിഡ് മാനദണ്ഡം ലംഘിച്ച് വീണ്ടും സിപിഎമ്മിന്റെ തിരുവാതിര

Update: 2022-01-15 19:28 GMT

തൃശൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തൃശൂരിലും സിപിഎമ്മിന്റെ തിരുവാതിര കളി. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ചാണ് നൂറിലധികം പേര്‍ പങ്കെടുത്ത തിരുവാതിര കളി സംഘടിപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 500 ലധികം പേര്‍ പങ്കെടുത്ത തിരുവാതിര കളി നടത്തിയതിന്റെ വിവാദം കെട്ടടങ്ങും മുമ്പെയാണ് തൃശൂര്‍ സമ്മേളനത്തിലും സമാനരീതിയില്‍ തിരുവാതിര കളി അരങ്ങേറിയത്.

തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര സംഘടിപ്പിച്ചത്. ഊരാകോട് അയ്യപ്പക്ഷേത്ര പരിസരത്തായിരുന്നു തിരുവാതിര അരങ്ങേറിയത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പരിപാടിയെന്നാണ് സംഘാടകരുടെ വിശദീകരണം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിച്ചിരുന്നുവെന്നും വിശദീകരിക്കുന്ന സിപിഎമ്മിന്റെ വീഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു.

തിരുവാതിരക്കളി പോലെ ആളുകള്‍ കൂടുന്ന പരിപാടികള്‍ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ നേതൃത്വം അറിയിച്ചു. ജനുവരി 21 മുതല്‍ 23 വരെയാണ് തൃശൂര്‍ ജില്ലാ സമ്മേളനം. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് തിരുവനന്തപുരം പാറശാലയില്‍ തിരുവാതിര കളി ആഘോഷം നടന്നത്. എന്നാല്‍, മെഗാ തിരുവാതിരയെ നേതൃത്വം തള്ളിപ്പറയുകയും ചെയ്തിരുന്നു.

Tags:    

Similar News