പട്ടിക്കരയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണവും വധഭീഷണിയും; പരാതി നല്‍കിയിട്ടും പോലിസ് നടപടിയെടുത്തില്ലെന്ന് ആരോപണം (വീഡിയോ)

Update: 2021-05-10 13:04 GMT

കേച്ചേരി: മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണവും വധഭീഷണിയും. പട്ടിക്കര സ്വദേശി റെബിയുടെ വീട്ടിലാണ് മദ്യ ലഹരിയിലെത്തിയ ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. കണ്ടയിന്‍മെന്റ് സോണില്‍ അതിക്രമിച്ച് കയറിയാണ് ഇയ്യാല്‍ അറങ്ങാശ്ശേരി വീട്ടില്‍ വിജോയ്, മണലി തെങ്ങ് സ്വദേശി പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘം ആക്രമണം നടത്തിയത്. എട്ടാംതിയ്യതി രാത്രി പത്തോടെയാണ് സംഭവം. കത്തിയും മറ്റ് മാരകായുധങ്ങളുമായെത്തിയ സംഘം വീടിന് നേരെ കല്ലും മരക്കമ്പും വലിച്ചെറിഞ്ഞു. ഉമ്മയും ബന്ധുവുമടക്കം സ്ത്രീകള്‍ വീട്ടിലുള്ളപ്പോഴാണ് അസഭ്യവര്‍ഷവും വധഭീഷണിയും മുഴക്കി സംഘം അഴിഞ്ഞാടിയത്.

Full View

മാരകായുധങ്ങളുമായെത്തി വധ ഭീഷണി മുഴക്കുന്നത് കണ്ട് ഭയന്ന പ്രദേശവാസികളും റെബിയുടെ വീട്ടുകാരും ഉടനെ പോലിസില്‍ വിവരം അറിയിച്ചു. എന്നാല്‍, ഒരു മണിക്കൂറിന് ശേഷമാണ് പോലിസ് എത്തിയത്. മാത്രമല്ല, ആക്രമണത്തിന്റേയും വധ ഭീഷണി മുഴക്കുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ സംഭവ സ്ഥലത്തെത്തിയ പോലിസുകാര്‍ക്ക് കാണിച്ചു കൊടുത്തിരുന്നു. പ്രതികളെ കുറിച്ച് കൃത്യമായ അറിവുണ്ടായിട്ടും പോലിസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. ഇതേ തുര്‍ന്ന് പിറ്റേദിവസവും വിജോയിയുടേയും പ്രദീപിന്റെയും നേതൃത്വത്തിലുള്ള സംഘം വീണ്ടും വീട്ടിലെത്തി ഭീഷണി മുഴക്കി. പോലിസില്‍ പരാതിപ്പെട്ടതിനെതിരേയായിരുന്നു ഭീഷണി. തുടര്‍ന്ന് റെബിയുടെ പിതാവ് മുഹമ്മദ് ഹനീഫ് പോലിസിന് രേഖാമൂലം പരാതി നല്‍കി. എന്നാല്‍, വീണ്ടും വിജോയിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. പോലിസ് വേണ്ട നടപടികള്‍ സ്വീകരിക്കാത്തതാണ് ക്രിമിനല്‍ സംഘത്തെ അഴിഞ്ഞാടാന്‍ സഹായിക്കുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. കണ്ടയിന്‍മെന്റ് സോണില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പോലിസ് പിടികൂടിയില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.

Tags:    

Similar News