അതിർത്തി കടന്ന് കാമുകിയെ കാണാനെത്തി; ക്വാറന്റൈനിലായി അഭിഭാഷകൻ
ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണമുള്ള ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലെ കാമുകിയുടെ വീട്ടിൽ രഹസ്യസന്ദർശനം നടത്തിയ അഭിഭാഷകനാണ് കുടുങ്ങിയത്.
കൊല്ലം: ലോക്ഡൗൺ ലംഘിച്ച് കാമുകിയെ കാണാൻ കൊല്ലത്തെത്തിയ തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹി ഗൃഹനിരീക്ഷണത്തിൽ. ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണമുള്ള ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലെ കാമുകിയുടെ വീട്ടിൽ രഹസ്യസന്ദർശനം നടത്തിയ അഭിഭാഷകനാണ് കുടുങ്ങിയത്. ലോക്ഡൗൺ കാലയളവിൽ പലതവണ ഈ വീട്ടിൽ രഹസ്യസന്ദർശനം നടത്തിയിരുന്ന അഭിഭാഷകൻ ഇന്നലെ വൈകിട്ട് അഞ്ചരയോടെ കാമുകിയുടെ വീട്ടിലെത്തിയതോടെ നാട്ടുകാർ തടഞ്ഞുവച്ച് പൊലിസിനെ വിവരം അറിയിക്കുകയുമായിരുന്നു.
ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണമുള്ള പ്രദേശത്തു കൂടി പതിവായി ഇയാൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിലൊരാൾ ജില്ലാ കളക്ടറെ വിവരം അറിയിക്കുകയും കളക്ടർ ഈ വിവരം ചാത്തന്നൂർ പൊലിസിന് കൈമാറുകയും ചെയ്തു. ജില്ലാ അതിർത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് തിരുവനന്തപുരത്തുനിന്ന് കാറോടിച്ച് ഇയാൾ ചാത്തന്നൂർ-ആദിച്ചനല്ലൂർ അതിർത്തിപ്രദേശമായ കട്ടച്ചലിൽ എത്തിയത്. പൊലിസിന്റെ നിർദ്ദേശപ്രകാരമെത്തിയ ആരോഗ്യപ്രവർത്തകർ ഇയാൾ ഈ വീട്ടിൽത്തന്നെ ഗൃഹനിരീക്ഷണത്തിൽ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ആറു മാസമാസം മുമ്പ് യുവതിയുമായി വഴിവിട്ട ബന്ധം ആരംഭിച്ച അഭിഭാഷകൻ ഇയാളുടെ ഉടമസ്ഥതയിൽ കഴക്കൂട്ടത്തുള്ള ഫ്ലാറ്റിൽ വച്ചാണ് യുവതിയുമായി കണ്ടുമുട്ടിയിരുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കൂടിക്കാഴ്ച മുടങ്ങി. ഇതിനിടെ യുവതിയുടെ ഭർത്താവിന്റെ അമ്മാവൻ കോട്ടയത്ത് ക്യാൻസർ ബാധിച്ച് മരിക്കുകയും ഭർത്താവ് മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാൻ കോട്ടയത്തേയ്ക്ക് പോവുകയുംചെയ്തു. തുടർന്ന് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഇയാൾ കോട്ടയത്ത് ഗൃഹനിരീക്ഷണത്തിൽ കഴിയുകയുമാണ്. ഇക്കാര്യം യുവതി അഭിഭാഷകനെ അറിയിക്കുകയും അഭിഭാഷകൻ കട്ടച്ചലിലെ വീട്ടിൽ എത്തുകയും ചെയ്തു. മിക്ക ദിവസങ്ങളിലും വൈകുന്നേരത്തോടെ ഇയാൾ യുവതിയുടെ വീട്ടിലെത്തി പുലർച്ചെ തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു. യുവതിയുടെ വീട്ടിലെ ഓട്ടോറിക്ഷ നന്നാക്കാനാണ് താൻ എത്തിയതെന്നാണ് നാട്ടുകാരുടെ ചോദ്യം ചെയ്യലിൽ ആദ്യം ഇയാൾ പറഞ്ഞത്. അതിർത്തികടന്നു വന്നതിനാൽ ഇനി 14 ദിവസം നിരീക്ഷണം പൂർത്തിയാക്കിയ ശേഷംമടങ്ങിയാൽ മതിയെന്ന് പൊലിസ് നിർദ്ദേശിച്ചതോടെ അഭിഭാഷകൻ ശരിക്കും കുടുങ്ങുകയായിരുന്നു. വർക്കല അയിരൂർ സ്വദേശിയെ വിവാഹം കഴിച്ച യുവതിക്ക് രണ്ട് കുട്ടികളുമുണ്ട്. കോട്ടയത്ത് ഗൃഹനിരീക്ഷണത്തിൽ കഴിയുന്ന ഭർത്താവ് മടങ്ങിയെത്തുമ്പോൾ എന്തുപറയണമെന്നറിയാത്ത അവസ്ഥയിലാണ് യുവതി. അഭിഭാഷകൻ രഹസ്യമായി കടന്നുകളയാൻ സാദ്ധ്യതയുള്ളതിനാൽ ഇയാളെ നിരീക്ഷിക്കാൻ ആരോഗ്യപ്രവർത്തകർ അയൽവാസികളുടെ സഹായം തേടിയിട്ടുണ്ട്. തിരുവനന്തപുരം ബാറിലെ പ്രശസ്തനായ ക്രിമിനൽ അഭിഭാഷകനായ ഇയാൾക്ക്ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലം ബാറിലേക്ക് പോകുന്നു എന്ന വ്യാജേനയാണ് ഇയാൾ അതിർത്തി കടന്നതെന്നാണ് സൂചന. ജില്ലാ അതിർത്തി കടക്കുന്നവർ 24 മണിക്കൂറിനകം മടങ്ങണമെന്ന് നിർദ്ദേശം അതിർത്തിയിൽ പരിശോധന നടത്തുന്നവർ നൽകാറുണ്ട്. അതിനാലാണ് വൈകിട്ട് കട്ടച്ചലിൽഎത്തിയ ശേഷം പുലർച്ചെ ഇയാൾ മടങ്ങുന്നത്. എന്നാൽ ആദിച്ചനല്ലൂർ പഞ്ചായത്ത്അധികൃതർ ചോദ്യം ചെയ്തതോടെ ഇയാൾ ഏപ്രിൽ 27നാണ് വീട്ടിലെത്തിയതെന്ന് യുവതിയുടെ മാതാവ് മൊഴി നൽകി. താൻ വന്നിട്ട് 10 ദിവസം കഴിഞ്ഞെന്നും നാലുദിവസം കൂടി കഴിഞ്ഞാൽ ഗൃഹനിരീക്ഷണം പൂർത്തിയാക്കി മടങ്ങുമെന്നും ഇയാൾ ആരോഗ്യപ്രവർത്തകരോട് അവകാശപ്പെട്ടു. തീയതികളിലെ വൈരുദ്ധ്യം മനസിലാക്കിയ ആരോഗ്യപ്രവർത്തകർ കൂടുതൽചോദ്യം ചെയ്തതോടെ ഇയാൾ 27നാണ് എത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. എന്നാൽ 27ന് എത്തി 28ന് പുലർച്ച മടങ്ങിയ ഇയാൾ ഇന്നലെയാണ് വീണ്ടും എത്തിയതെന്ന് അയൽവാസികൾ പറയുന്നു.