സരിത്തിനേയും റമീസിനേയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു; ശിവശങ്കറിന്റെ മൊഴിയെടുക്കാന്‍ നീക്കം

കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം.

Update: 2020-07-12 07:00 GMT

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ മൊഴി എടുക്കാന്‍ നീക്കവുമായി കസ്റ്റംസ്. അതേസമയം, കേസില്‍ ശനിയാഴ്ച അറസ്റ്റിലായ പെരിന്തല്‍മണ്ണ സ്വദേശി റമീസിനേയും കേസിലെ ഒന്നാം പ്രതി സരിത്തിനെയും കസ്റ്റംസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ കാര്യാലയത്തില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. ഇരുവരേയും ഒരുമിച്ചാണ് ചോദ്യം ചെയ്യുന്നത്.

കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം. സെക്രട്ടേറിയറ്റിന് സമീപമുള്ള ശിവശങ്കറിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഫ്‌ളാറ്റിലെ സന്ദര്‍ശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച സംഘം ഫ്‌ളാറ്റിലെ സുരക്ഷ ജീവനക്കാരുടെയും മുന്‍ ജീവനക്കാരുടെയും മൊഴിയെടുത്തു.

പ്രതികളായ സന്ദീപ് നായര്‍, സരിത് എന്നിവരുടെ വീടുകളില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന ബാഗുകള്‍ കണ്ടെത്തി. സമാനമായ ഒരു ബാഗ് ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതാണോയെന്ന് വ്യക്തമല്ല. ബാഗുകളുടെ ശാസ്ത്രിയ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. 

Tags:    

Similar News