ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം; ഒരാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പോലിസ് മരവിപ്പിച്ചു
കൊച്ചി: ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം നടത്തിയ പി കെ സുരേഷ് കുമാര്‍ എന്നയാളിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പോലിസ് മരവിപ്പിച്ചു. ദേവന്‍ രാമചന്ദ്രനെതിരെ നടന്ന സൈബര്‍ ആക്രമണത്തിനു നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കൊച്ചി സൈബര്‍ ക്രൈം പോലിസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. അന്വേഷണം തുടരുന്നതിനിടെ സുരേഷ് കുമാറിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പോലിസ് മരവിപ്പിക്കുകയായിരുന്നു.
പോലിസ് കേസ് എടുത്തതിനു ശേഷവും ദേവന്‍ രാമചന്ദ്രനെതിരെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റുകള്‍ വന്നിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരിലോ പങ്കെടുക്കുന്ന ചടങ്ങുകളുടെ പേരിലോ കോടതി ജഡ്ജിമാരെ അധിഷേപിക്കാന്‍ പൗരന് നിയമം അനുവാദം നല്‍കുന്നില്ലെന്നും പി കെ സുരേഷ് കുമാറിനെതിരെ കര്‍ശന നിയമ നടപടി ഉടന്‍ വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.