ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴ
കൊച്ചി: മധ്യകിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.അടുത്ത മണിക്കൂറുകളില്‍ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളം ഇല്ല. എന്നാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുംസാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 3 ദിവസം വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നല്‍ / കാറ്റോട് കൂടിയ മഴയും ഉണ്ടായേക്കാം. ജൂണ്‍ 7 മുതല്‍ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.