ബിപോര്‍ജോയ് ചുഴലിക്കാറ്റ്; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ വ്യാപകമഴ

നിലവില്‍ അഞ്ചുകിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത ആറുമണിക്കൂറില്‍ വീണ്ടും തീവ്രമാകും

Update: 2023-06-11 07:21 GMT

തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലിന് മുകളില്‍ 'ബിപോര്‍ജോയ്' അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ജൂണ്‍ പതിനഞ്ചോടു കൂടി ഗുജറാത്തിലെ സൗരാഷ്ട്ര കച്ച് മേഖലയിലേക്ക് ചുഴലിക്കാറ്റ് പ്രവേശിക്കും. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റുവീശുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ദുര്‍ബലമായി.

ഒമാന്‍ തീരത്തേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന ബിപോര്‍ജോയ് ചുഴലിക്കാറ്റ് ദിശ മാറി, വടക്ക് പാകിസ്ഥാന്‍, ഗുജറാത്ത് തീരങ്ങളിലേക്കാണ് നീങ്ങുന്നത്. നിലവില്‍ അഞ്ചുകിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത ആറുമണിക്കൂറില്‍ വീണ്ടും തീവ്രമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.വടക്കോട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ത്യയില്‍ സൗരാഷ്ട്ര, കച്ച് തീരങ്ങളില്‍ ജൂണ്‍ 15ന് തീരം തൊടുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ മുംബൈയുടെ പടിഞ്ഞാറ് - തെക്ക് പടിഞ്ഞാറ് ദിശയില്‍ അറബിക്കടലില്‍ 600 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.






Tags:    

Similar News