രാജ്യത്തിന്റെ പൈതൃകത്തെ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കണം: ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന നേതൃസംഗമം കായംകുളം ടി എ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യം നിലനില്‍ക്കുന്നത് ഏതെങ്കിലും ഒരു ഭാഷയുടെ അടിസ്ഥാനത്തിലല്ല.

Update: 2019-09-18 12:56 GMT

ആലപ്പുഴ: മതേതരരാജ്യമായ ഇന്ത്യയിലെ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുകയാണെന്നും രാജ്യത്തിന്റെ പൈതൃകത്തെ ഇല്ലാതാക്കാനുള്ള ഏതുനീക്കത്തെയും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ചേലക്കുളം കെ എം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന നേതൃസംഗമം കായംകുളം ടി എ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യം നിലനില്‍ക്കുന്നത് ഏതെങ്കിലും ഒരു ഭാഷയുടെ അടിസ്ഥാനത്തിലല്ല.

മറിച്ച് വിവിധ ഭാഷകളുടെയും വൈവിധ്യങ്ങളുടെയും മതേതരപാരമ്പര്യത്തിലും അധിഷ്ഠിതമായാണ്. ഈ തിരിച്ചറിവ് രാജ്യത്തെ ഭരണാധികാരികള്‍ക്കുണ്ടാവണം. രാജ്യത്തിനാകെ ഒരുഭാഷ എന്ന നിലയില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നും ഇത് മതേതരവിശ്വാസികള്‍ തിരിച്ചറിയണമെന്നും അബുല്‍ ബുഷ്‌റ മൗലവി പറഞ്ഞു. അസമിലെ ലക്ഷക്കണക്കിന് ജനങ്ങളെ ദേശീയ പൗരത്വരജിസ്റ്റര്‍ എന്ന വാദമുയര്‍ത്തി രാജ്യമില്ലാത്ത പൗരന്‍മാരായി മാറ്റാനുള്ള നീക്കം ആശങ്കാജനകമാണ്. രാജ്യത്ത് ഏക സിവില്‍കോഡ് കൊണ്ടുവന്നാല്‍ അത് ബഹുസ്വരതയെ തകര്‍ക്കും.

രാജ്യം നിരവധി വെല്ലുവിളികള്‍ നേരിടുമ്പോള്‍ രാജ്യത്ത് മതസൗഹാര്‍ദവും മാനവീകതയും ശക്തിപ്പെടണമെന്നും ഇതിന് രാഷ്ട്രീയ, മതനേതാക്കന്‍മാര്‍ ഐക്യത്തോടെ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ പി അബൂബക്കര്‍ ഹസ്രത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സി എ മൂസാ മൗലവി വിഷയാവതരണം നടത്തി. തേവലക്കര അലിയാര്‍ കുഞ്ഞ് മൗലവി, മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി, വി എം അബ്ദുല്ല മൗലവി, എ കെ ഉമര്‍ മൗലവി, അബ്ദുല്‍ മജീദ് മൗലവി, കെ ജലാലുദ്ദീന്‍ മൗലവി, എം ബി അബ്ദുല്‍ഖാദര്‍ മൗലവി, കെ എച്ച് മുഹമ്മദ് മൗലവി, പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, കെ കെ സുലൈമാന്‍ മൗലവി, ഹസ്സന്‍ ബസരി മൗലവി എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News