ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി അന്തരിച്ചു
കൊച്ചി: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി (കെ എം മുഹമ്മദ് മൗലവി -86) അന്തരിച്ചു. ആദ്യത്തെ തിരുവനന്തപുരം വലിയ ഖാസിയായിരുന്നു. പെരുമ്പാവൂര്‍ ചേലക്കുളത്തെ വീട്ടില്‍ രാത്രിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ചേലക്കുളം അസാസുദ്ദഅ്‌വ വാഫി കോളജ് സ്ഥാപകനാണ്. നാല് പതിറ്റാണ്ട് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയായിരുന്നു. വടുതല മൂസ മൗലാനയ്ക്ക് ശേഷം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ മുഫ്തിയും പ്രസിഡന്റുമായി.
1936 ജനുവരി അഞ്ചിന് മരക്കാര്‍ കുഞ്ഞി ഹാജി- ഫാത്തിമ ദമ്പതികളുടെ മകനായാണ് ജനനം. ചേലക്കുളത്തെ പഠന കാലത്ത് പ്രമുഖപണ്ഡിതന്‍ പാടൂര്‍ തങ്ങളുടെ ശിഷ്യനായി. പുതിയാപ്പിള അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെ ദര്‍സില്‍നിന്ന് അറിവ് നേടി. വിളയൂര്‍ അലവിക്കുട്ടി മുസ്‌ല്യാര്‍, വാളക്കുളം അബ്ദു റഹിമാന്‍ മുസ്‌ല്യാര്‍, ഇമ്പിച്ചി മുസ്‌ല്യാര്‍ തുടങ്ങിയ പ്രഗല്‍ഭരുടെ ദര്‍സിലും പഠിച്ചു. വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലെത്തി ബാഖവി ബിരുദം നേടി.
കാരിക്കോട്, തേവലക്കര, മുതിരപ്പറമ്പ്, താഴത്തങ്ങാടി, ഈരാറ്റുപേട്ട, കുറ്റിക്കാട്ടൂര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ഫലാഹിയ, മഞ്ചേരി നജ്മുല്‍ ഹുദ, ജാമിഅ മന്നാനിയ്യ തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം ചെയ്തു. ഒ ബി തഖ്‌യുദ്ദീന്‍ ഫരീദുദ്ദീന്‍ മൗലവിയുടെ മകള്‍ നഫീസയാണ് ഭാര്യ. മക്കള്‍: ബുഷ്‌റ, ഷമീമ, മുഹമ്മദ് ജാബിര്‍ മൗലവി, ജാസിറ, അമീന. മരുമക്കള്‍: ഹമീദ് വഹബി നെല്ലിക്കുഴി, അബ്ദുല്‍ മജീദ് ബാഖവി ചന്തിരൂര്‍, ഫസലുദ്ദീന്‍ ഖാസിമി ഓണമ്പിള്ളി, ബഷീര്‍ നെടിയാമല, ഫസീല. ഖബറടക്കം തിങ്കളാഴ്ച 11.30ന് ചേലക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.