കോട്ടയത്ത് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി

പെണ്‍കുട്ടിയെ കാണാതായ ചേര്‍പ്പുങ്കല്‍ പാലത്തില്‍നിന്നും ഒന്നരക്കിലോമീറ്റര്‍ അകലെ ചെമ്പിളാവിലാണ് മണിക്കൂറുകള്‍നീണ്ട തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തിയത്.

Update: 2020-06-08 07:40 GMT

കോട്ടയം: കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു പി ഷാജിയാണ് (20) മരിച്ചത്. പെണ്‍കുട്ടിയെ കാണാതായ ചേര്‍പ്പുങ്കല്‍ പാലത്തില്‍നിന്നും ഒന്നരക്കിലോമീറ്റര്‍ അകലെ ചെമ്പിളാവിലാണ് മണിക്കൂറുകള്‍നീണ്ട തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യകോളജില്‍ ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ അഞ്ജു യൂനിവേഴ്‌സിറ്റി പരീക്ഷയെഴുതാന്‍ ശനിയാഴ്ച പരീക്ഷാകേന്ദ്രമായ ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളി ക്രോസ് കോളജിലെത്തിയിരുന്നു.

എന്നാല്‍, ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച് കോളജ് അധികൃതര്‍ കുട്ടിയെ ശാസിക്കുകയും പരീക്ഷാഹാളില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. വൈകുന്നേരമായിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്നു വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ബാഗും മൊബൈല്‍ ഫോണും ചേര്‍പ്പുങ്കല്‍ പാലത്തിനു സമീപം കണ്ടെത്തുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി ആറിന്റെ ഭാഗത്തേക്ക് നടന്നുവരുന്നത് വ്യക്തമായതോടെയാണ് ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും മീനച്ചിലാറ്റില്‍ തിരച്ചില്‍ തുടങ്ങിയത്. രാത്രിവരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് കോളജിന് മൂന്ന് കിലോമീറ്റര്‍ അകലെ ചെക്ക്ഡാമിന് സമീപത്തായി വെള്ളത്തില്‍ പൊങ്ങിക്കിടന്ന നിലയില്‍ മൃതദേഹം കണ്ടത്. അതേസമയം, കോപ്പിയടിച്ചെന്ന കോളജിന്റെ ആരോപണത്തില്‍ മനംനൊന്താണ് കുട്ടി ആറ്റില്‍ ചാടിയതെന്നാണ് അഞ്ജുവിന്റെ കുടുംബത്തിന്റെ ആരോപണം.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിലെ കൊമേഴ്‌സ് അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു അഞ്ജു. കഴിഞ്ഞ സെമസ്റ്ററുകളിലെ പരീക്ഷകളിലെല്ലാം അഞ്ജുവിന് നല്ല മാര്‍ക്കുണ്ടായിരുന്നു. പഠനത്തില്‍ മിടുക്കിയായ മകള്‍ കോപ്പിയടിക്കില്ലെന്ന് അച്ഛന്‍ ഷാജി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, ഹാള്‍ടിക്കറ്റില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്ന് കോപ്പിയടിച്ചതിനാലാണ് വിദ്യാര്‍ഥിനിയെ പുറത്താക്കിയതെന്നാണ് ഹോളിക്രോസ് കോളജ് അധികൃതരുടെ വിശദീകരണം.  

Tags:    

Similar News