ഫോണില്‍ വിളിച്ച് വധഭീഷണി: ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരേ കേസ്
തൃശൂര്‍: ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരിക്കെതിരേ കേസെടുത്തു. ഒബിസി മോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിന്റെ പരാതിയിലാണ് കേസെടുത്തത്. കുഴല്‍പ്പണം കവര്‍ച്ചാകേസില്‍ ബിജെപി ജില്ലാ നേതൃത്വത്തിനെതിരേ പല്‍പ്പു ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കുഴല്‍പ്പണ കേസിലും കത്തിക്കുത്ത് കേസിലും നാണംകെട്ട ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും ഋഷി പല്‍പ്പു ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഹരി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് വെസ്റ്റ് പോലിസ് കേസെടുത്തത്.
പരാതി നല്‍കിയതിന് പിന്നാലെ ഋഷിയെ സസ്‌പെന്റ് ചെയ്തതായി അറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തതിന്റെ പ്രതികാരമായാണ് ഋഷി പല്‍പ്പു പരാതി നല്‍കിയതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. താന്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും തന്റെ വിശദീകരണം പോലും കേള്‍ക്കാതെയാണ് തന്നെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതെന്നും ഋഷി പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ ഫോണിലൂടെ വിളിച്ചാണ് പുറത്താക്കിയ വിവരം അറിയിച്ചത്. കുഴല്‍പ്പണ വിവാദത്തില്‍ അണികളെ വിശ്വാസത്തിലെടുക്കുന്നതില്‍ ബിജെപി ജില്ലാ നേതൃത്വം പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് ഋഷി ആരോപിച്ചു.