ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗത്തിന്റെയും സത്യപ്രതിജ്ഞ ഇന്ന്
ഉച്ചയ്ക്ക് 12.10ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനമായ നന്തന്‍കോട്ടെ സുമംഗലി ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.എന്‍ വാസുവും ബോര്‍ഡ് അംഗമായി അഡ്വ.കെ എസ് രവിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12.10ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനമായ നന്തന്‍കോട്ടെ സുമംഗലി ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ജയശ്രീ പുതിയ പ്രസിഡന്റിനും അംഗത്തിനും സത്യവാചകം ചൊല്ലിക്കൊടുക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.എന്‍ വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ എം ഹര്ഷന് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കും.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുശേഷം പ്രസിഡന്റും അംഗവും അധികാരം ഏറ്റെടുക്കും. തുടര്‍ന്ന് നടക്കുന്ന സ്വീകരണപരിപാടിക്കുശേഷം പുതിയ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ആദ്യബോര്‍ഡ് യോഗവും ചേരും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.എന്‍ വാസുവിനെയും ബോര്‍ഡ് അംഗമായി അഡ്വ.കെ എസ് രവിയെയും നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറിന്റെയും അംഗം കെ പി ശങ്കരദാസിന്റെയും ഭരണകാലാവധി കഴിഞ്ഞദിവസമാണ് അവസാനിച്ചത്.