ധീരജിന്റെ കൊലപാതകം: കണ്ണൂരില്‍ അതീവ ജാഗ്രത; കെ സുധാകരന്റെ വാഹനത്തിന് സുരക്ഷ

Update: 2022-01-11 07:33 GMT

കണ്ണൂര്‍: ഇടുക്കി പൈനാവ് ഗവ. എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കണ്ണൂരില്‍ പോലിസ് ജാഗ്രത കര്‍ശനമാക്കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വാഹനത്തിന് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎം ശക്തികേന്ദ്രങ്ങളിലെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് സുരക്ഷ ശക്തമാക്കി.

ഡിസിസി ഓഫിസില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ കെ സുധാകരനെത്തുന്നത്. കണ്ണൂര്‍ ഡിസിസി ഓഫിസിന് സമീപം ഒരു ബസ് പോലിസ് സംഘമാണ് ക്യാംപ് ചെയ്യുന്നത്. സിപിഎം ശക്തികേന്ദ്രങ്ങളിലെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ സംസ്ഥാന വ്യാപകമായി സംഘര്‍ഷങ്ങളുണ്ടായിരുന്നു.

കോണ്‍ഗ്രസ് കൊടിമരങ്ങള്‍ തകര്‍ക്കുകയും പ്രവര്‍ത്തകര്‍ തമ്മില്‍ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. മലപ്പുറത്ത് സുധാകരന്‍ പങ്കെടുത്ത കോണ്‍ഗ്രസ് മേഖലാ കണ്‍വന്‍ഷനിലേക്ക് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. സുധാകരനെതിരേ മുദ്രാവാക്യം ഉയര്‍ന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചെത്തി തിരികെ മുദ്രാവാക്യം വിളിച്ചു. രണ്ട് വിഭാഗവും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥ കടുത്തു. ഇതോടെ പോലിസ് ഇടപെട്ട് ഇരുവിഭാഗം പ്രവര്‍ത്തകരെയും നീക്കംചെയ്യുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് പോലിസ് കണ്ണൂരില്‍ സുരക്ഷ കര്‍ശനമാക്കിയത്. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള ധീരജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോവും. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനമുണ്ടാവും. തുടര്‍ന്ന് വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോവും. മൃതദേഹം വൈകീട്ട് അഞ്ചോടെ കണ്ണൂരെത്തിക്കും. തളിപ്പറമ്പിലെ വീടിനോട് ചേര്‍ന്ന് പാര്‍ട്ടി വാങ്ങിയ സ്ഥലത്ത് രാത്രിയോടെ സംസ്‌കാരം നടക്കും. ഇടുക്കി എന്‍ജിനീയറിങ് കോളജിലെ തെരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നെഞ്ചല്‍ കുത്തേറ്റ ധീരജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags:    

Similar News