ധീരജിന്റെ കൊലപാതകം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു

Update: 2022-01-12 04:35 GMT

കോഴിക്കോട്: ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഇതുസംബന്ധിച്ച് ജില്ലാ പോലിസ് മേധാവികള്‍ക്ക് പോലിസ് ആസ്ഥാനത്തുനിന്ന് രേഖാമൂലം നിര്‍ദേശം നല്‍കി. ക്രമസമാധാന സാഹചര്യം പരിഗണിച്ചാണ് നടപടി. പ്രാദേശിക പരിപാടികളില്‍ ഉള്‍പ്പെടെ പ്രത്യേക കവലിനു പുറമെ എക്‌സ്‌കോര്‍ട്ട് വേണമെന്ന് നിര്‍ദേശം.


 ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരടക്കം അറസ്റ്റിലായിരുന്നു. കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം അക്രമസംഭവങ്ങള്‍ വര്‍ധിക്കുകയാണ്. പലയിടങ്ങളിലും കോണ്‍ഗ്രസ് ഓഫിസുകളും കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു.

ഇന്നലെ രാത്രി കോഴിക്കോട് കൊയിലാണ്ടിയിലും പയ്യോളിയിലും നാദാപുരം എടച്ചേരിയിലും കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി റിപോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ നേതാക്കളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി പ്രത്യേക നിര്‍ദേശവും നല്‍കി. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സുരക്ഷയൊരുക്കിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ പോലിസിന്റെ ജാഗ്രതാ നിര്‍ദേശവും നിലനില്‍ക്കുകയാണ്.

Tags:    

Similar News