ദിലീപിനെതിരായ കേസ്:വി ഐ പി താനല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ്; ആണെന്ന് താന്‍ പറഞ്ഞില്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍
ദിലീപിനെ ഒന്നാം പ്രതിയാക്കി ആറു പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ വി ഐ പി താനല്ലെന്ന് വെളിപ്പെടുത്തി പ്രവാസി വ്യവസായി മെഹബൂബ് രംഗത്ത് വന്നതിനു പിന്നാലെ ഇതില്‍ വിശദീകരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍.വി ഐ പി എന്നു പരാമര്‍ശിച്ച വ്യക്തിയാരാണെങ്കിലും പോലിസ് അദ്ദേഹത്തിന്റെ അടുത്തെത്തിയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞു
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി ആറു പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ വി ഐ പി താനല്ലെന്ന് വെളിപ്പെടുത്തി പ്രവാസി വ്യവസായി മെഹബൂബ് രംഗത്ത് വന്നതിനു പിന്നാലെ വിശദീകരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. മെഹബൂബ് ആണ് ആ വി ഐ പി എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും എന്തിനാണ് ഇത്തരത്തില്‍ ഒരു വിശദീകരണവുമായി അദ്ദേഹം രംഗത്ത് വന്നതെന്ന് തനിക്കറിയില്ലെന്നും ബാലചന്ദ്രകുമാര്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അദ്ദേഹത്തിനോട് ഇത് ആരു പറഞ്ഞുവെന്നാണ് തന്നെ അതിശയിപ്പിക്കുന്നത്.വി ഐ പി യെ കണ്ടെത്തുന്നതിന്റെ ഭാഗമായി പോലിസ് തന്നെ ആറു ഫോട്ടോ ഗ്രാഫുകള്‍ കാണിച്ചിരുന്നു.അതില്‍ മുന്നു പേര്‍ ഒരു കാരണവശാലും സാധ്യതയില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അവരെ ഒഴിവാക്കി.ബാക്കി മുന്നു പേരാണുള്ളത്. താന്‍ അഞ്ചു വര്‍ഷം മുമ്പ് കണ്ട വ്യക്തിയാണ്. അദ്ദേഹത്തിന്റെ ശബ്ദ സാമ്പിളുകളായിരുന്നു തന്റെ പക്കലുണ്ടായിരുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.ആരും ചോദിക്കുന്നതിന് മുമ്പ് ആ വി ഐ പി താനല്ലെന്ന് ഇദ്ദേഹം പറയുന്നതും കേട്ടു. വി ഐ പി എന്നു പരാമര്‍ശിച്ച വ്യക്തിയാരാണെങ്കിലും പോലിസ് അദ്ദേഹത്തിന്റെ അടുത്തെത്തിയെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.അത് ഇദ്ദേഹമാണോ അല്ലയോഎന്ന് തനിക്കറിയില്ലന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.പോലിസ് ഉദ്യോഗസ്ഥര്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നുവെന്നോയെന്നും തനിക്കറിയില്ലെന്നും ബാലചന്ദ്രുകുമാര്‍ പറഞ്ഞു.
ദിലീപിനെ ഒന്നാം പ്രതിയാക്കി ദിലീപിന്റെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,അപ്പു,ബൈജു, പേരറിയാത്ത ഒരു വി ഐ പി എന്നിങ്ങനെ ആറു പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ വി ഐ പി താനല്ലെന്ന് വ്യക്തമാക്കി നേരത്തെ പ്രവാസി വ്യവസായിയായ കോട്ടയം സ്വദേശിയ മെഹബൂബ് രംഗത്തു വന്നിരുന്നു.മുന്നു വര്‍ഷം മുമ്പ് ദിലീപിനെ വീട്ടില്‍ പോയി കണ്ടിരുന്നുവെന്നും ദിലീപിന്റെ സഹോദരനെയോ അളിയനയെയോ തനിക്കറിയില്ലെന്നുമായിരുന്നു മെഹബൂബ് പറഞ്ഞത്. റെസ്‌റ്റോറന്റിന്റെ ശാഖ ഖത്തറില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് താന്‍ ദിലീപിനെ കാണാന്‍ പോയത്. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടില്‍ വെച്ച് അന്ന് കണ്ടിട്ടില്ലെന്നും മെഹബൂബ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.