ഫോണ്‍ ഡാറ്റ നശിപ്പിച്ച സംഭവം; സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിനേയും ഭാര്യയേയും ഇന്ന് ചോദ്യം ചെയ്യും

Update: 2022-03-18 01:26 GMT

കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10ന് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടിസ് നല്‍കിയിട്ടുള്ളത്.

നടി കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ സായി ശങ്കര്‍കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ചും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍ ദിലീപിന്റെ ഫോണിലെ പേഴ്‌സണല്‍ വിവരങ്ങള്‍ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്ന് സായി ശങ്കര്‍ വിശദീകരിക്കുന്നു.

കേസില്‍ തന്നെ പ്രതിയാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ മൊഴി നല്‍കാനുള്ള സമ്മര്‍ദ്ദതിന് വഴങ്ങാത്തതാണ് കരണം എന്നും സായി ശങ്കര്‍ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം,ദിലീപിന്റെ ഫോണിലെ വിവരം നശിപ്പിക്കാന്‍ ഉപയോഗിച്ച ലാപ്‌ടോപ്പ് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.സായി ശങ്കറിന്റെ ഭാര്യയുടേതാണ് പിടിച്ചെടുത്ത ലാപ്‌ടോപ്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് കേസിലെ സാക്ഷിയായ സാഗര്‍ വിന്‍സെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ വ്യാജ മൊഴിനല്‍കാന്‍ ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുതുകയാണെന്നാണ് പ്രധാന ആരോപണം. തുടരന്വേഷണത്തിന്റെ പേരില്‍ ബൈജു പൗലോസ് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുമെന്ന ആശങ്ക ഉള്ളതായും ഹര്‍ജിയില്‍ പറയുന്നു.

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ മുന്‍ ജീവനക്കാരന്‍ ആണ് ആലപ്പുഴ സ്വദേശി ആയ സാഗര്‍. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബൈജു പൗലോസ് നല്‍കിയ നോട്ടീസിലെ തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്യണം എന്നും ഹര്‍ജിയില്‍ സാഗര്‍ ആവശ്യപ്പെട്ടിട്ടുണ്ട്

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കെ ഹരിപാലാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റി. മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കും. അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് വിധിച്ച കോടതി, കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്നും അറിയിച്ചു. ഇതിനിടെ ദിലീപിന്റെ ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ച സ്വകാര്യ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ഐപാഡും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

നടിയെ ആക്രമിച്ച കേസില്‍ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നത് കെട്ടിച്ചമച്ച ആരോപണമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. തന്റെ വീട്ടിലെ സഹായി ആയിരുന്ന ദാസനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയാണ് തനിക്കെതിരായ മൊഴി നല്‍കിപ്പിച്ചത്.

കേസില്‍ വിശശദമായ വാദം കേള്‍ക്കുന്നത് വെരെ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നും ദിലീപ് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തടയാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി കേസില്‍ ഈമാസം 28 ന് വിശദമായ വാദം കേള്‍ക്കാമെന്ന് അറിയിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയതിന് തെളിവും സാക്ഷിമൊഴിയുമുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

കേസിലെ നിര്‍ണ്ണായക തെളിവായ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ ഹൈക്കോടതിയില്‍ ഫോണ്‍ കൈമാറുന്നതിന് തൊട്ട് മുന്‍പ് ദിലീപ് സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ നീക്കിയതായായും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംഭന്ധിച്ച പരിശോധന റിപ്പോര്‍ട്ടും കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്.

Tags:    

Similar News