വധഗൂഢാലോചനക്കേസ്; സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ മൊഴി നല്‍കാന്‍ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമാണ് ആവശ്യം.

Update: 2022-03-22 00:46 GMT

കൊച്ചി: വധഗൂഢാലോചനക്കേസില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ മൊഴി നല്‍കാന്‍ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമാണ് ആവശ്യം.

അന്വേഷണത്തിന്റെ പേരില്‍ ക്രൈംബ്രാഞ്ച് തന്നെയും കുടുംബത്തെയും വേട്ടയാടുന്നതായും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിനായുള്ള നീക്കം. അതേ സമയം കേസില്‍ പോലിസ് പീഡനമാരോപിച്ച് സായ് ശങ്കര്‍ നല്‍കിയ മറ്റൊരു ഹര്‍ജിയും സിംഗിള്‍ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്. ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സാവകാശം തേടിയതിനെ തുടര്‍ന്ന് ഈ ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു

നടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതില്‍ പ്രധാന തെളിവായ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ സായി ശങ്കര്‍കൊച്ചിയിലെ അഭിഭാഷകന്റെ ഓഫിസില്‍ വച്ചും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍, ദിലീപിന്റെ ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്ന് സായി ശങ്കര്‍ വിശദീകരിക്കുന്നു.

അതേസമയം, വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ സായ് ശങ്കറിന്റെ ഭാര്യ എസ്സയെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.എസ്സയുടെ ലോഗിന്‍ ഐഡി ഉപയോഗിച്ച് ഐ മാക് കംപ്യൂട്ടര്‍ വഴിയാണ് ഫോണ്‍ വിവരങ്ങള്‍ മായ്ച്ചതെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി.

Tags:    

Similar News