മല്‍സ്യകൃഷിയില്‍ വിജയ ഗാഥയുമായി കരസേനയിലെ ജോലിവിട്ട ദിനില്‍ പ്രസാദ്
കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പിന്തുണയാണ് മൂന്നര വര്‍ഷത്തിനുള്ളില്‍ കൂട് മല്‍സ്യകൃഷിയില്‍ വിജയഗാഥ രചിക്കാന്‍ 28കാരനായ ദിനിലിന് സാധിച്ചത്. അഞ്ചരക്കണ്ടി പുഴയില്‍ ഏഴ് കൂടുകളിലായി 7000 കരിമീന്‍ കുഞ്ഞുങ്ങളെ ഇപ്പോള്‍ കൃഷി ചെയ്ത് വരുന്നുണ്ട്
കൊച്ചി: മല്‍സ്യകൃഷിയില്‍ ആകൃഷ്ടനായി കരസേനയിലെ ജോലിവിട്ട് കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ കൂട്മല്‍സ്യകൃഷിയില്‍ മികവ് തെളിയിച്ച കണ്ണൂര്‍ ജില്ലയിലെ പിഎം ദിനില്‍ പ്രസാദിനെ തേടിയെത്തിയത് സംസ്ഥാന സര്‍ക്കാറിന്റെ തൊഴില്‍ശ്രേഷ്ഠ പുരസ്‌കാരം.വിവിധ തൊഴില്‍ മേഖലകളില്‍ മികവു പുലര്‍ത്തിയവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ 'തൊഴില്‍ശ്രേഷ്ഠ' പുരസ്‌കാരം നല്‍കുന്നത്. മല്‍സ്യമേഖലയിലെ മികവിനാണ് ദിനിലിന്‍ ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ലഭിച്ചത്
കൊച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പിന്തുണയാണ് മൂന്നര വര്‍ഷത്തിനുള്ളില്‍ കൂട് മല്‍സ്യകൃഷിയില്‍ വിജയഗാഥ രചിക്കാന്‍ 28കാരനായ ദിനിലിന് സാധിച്ചത്. അഞ്ചരക്കണ്ടി പുഴയില്‍ ഏഴ് കൂടുകളിലായി 7000 കരിമീന്‍ കുഞ്ഞുങ്ങളെ ഇപ്പോള്‍ കൃഷി ചെയ്ത് വരുന്നുണ്ട്.
കൂട്മല്‍സ്യകൃഷിയില്‍ ആകൃഷ്ടനായതോടെ കരസേനയിലെ ജോലി വിട്ട് 2018ലാണ് പിണറായി സ്വദേശി ദിനില്‍ സിഎംഎഫ്ആര്‍ഐയുടെ പദ്ധതിയില്‍ അംഗമാകുന്നത്. ആഭ്യന്തര മല്‍സ്യോല്‍പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കേരളത്തില്‍ 500 കൂടുമല്‍സ്യകൃഷി യൂനിറ്റുകള്‍ക്ക് സിഎംഎഫ്ആര്‍ഐ തുടക്കമിട്ടപ്പോള്‍ ആദ്യ മല്‍സ്യക്കൂട് ലഭിച്ചത് ദിനില്‍ പ്രസാദിനായിരുന്നു. നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ (എന്‍എഫ്ഡിബി) സാമ്പത്തിക സഹായത്തോടെ സബ്‌സിഡി നല്‍കിയാണ് പദ്ധതി തുടങ്ങിയത്.
സിഎംഎഫ്ആര്‍ഐയുടെ സാങ്കേതിക പരിശീലനവും മേല്‍നോട്ടവും ലഭിച്ചതോടെ മൂന്നര വര്‍ഷത്തിനുള്ളില്‍ തന്നെ കൂട്മല്‍സ്യകൃഷിയില്‍ വന്‍നേട്ടം സ്വന്തമാക്കാനായതാണ് ദിനിലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കരിമീന്‍ കൃഷിക്കൊപ്പം കരിമീന്‍ വിത്തുല്‍പാദനവും കല്ലുമ്മക്കായ കൃഷിയുമുണ്ട്. കൂടാതെ, കൂടുമല്‍സ്യകൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാങ്കേതിക സഹായവും ദിനില്‍ നല്‍കി വരുന്നുണ്ട്. നാല് മീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള ഓരോ കൂടില്‍ നിന്നും ശരാശരി 150 കിലോ കരിമീനാണ് ഒരു വര്‍ഷം വിളവെടുക്കുന്നത്. ദിനിലിന്റെ സഹായത്തോടെ 75ഓളം കൂടുമത്സ്യകൃഷിയൂനിറ്റുകള്‍ മലബാറിലെ വിവിധ സ്ഥലങ്ങളില്‍ നടന്നുവരുന്നുണ്ട്.
ഡോ ഇമല്‍ഡ ജോസഫിന്റെ നേതൃത്വത്തിലുള്ള സിഎംഎഫ്ആര്‍ഐയിലെ മാരികള്‍ച്ചര്‍ വിഭാഗത്തിന്റെ പിന്തുണയോടെയാണ് 28 വയസ്സുള്ള ദിനില്‍ പ്രസാദ് കൂടുമല്‍സ്യകൃഷി രംഗത്ത് സംരംഭകനായത്. കൊവിഡ് നിയന്ത്രണങ്ങളൊന്നും മല്‍സ്യകൃഷിയെ ബാധിക്കാതെ നോക്കാന്‍ ദിനിലിനായി. സാമൂഹിക മാധ്യമങ്ങളുപയോഗിച്ചാണ് വിളവെടുത്ത മല്‍സ്യങ്ങള്‍ വിറ്റഴിച്ചത്. സേനയിലെ ജോലി വിട്ട് മല്‍സ്യകൃഷിയിലേക്ക് തിരിഞ്ഞത് ആദ്യഘട്ടത്തില്‍ പലര്‍ക്കും ഉള്‍ക്കൊള്ളാനാകുമായിരുന്നില്ലെന്ന് ദിനില്‍ പറഞ്ഞു. എന്നാല്‍ സംരംഭകനായി മികവ് തെളിയിച്ചതോടെ കൂടുമല്‍സ്യകൃഷിയില്‍ ആകൃഷ്ടരായി പലരും സമീപിക്കുന്നുണ്ട്.
സര്‍ക്കാറുകളില്‍ നിന്ന മതിയായ സഹകരണം ലഭിക്കുകയാണെങ്കില്‍ മല്‍സ്യകൃഷിരംഗത്ത് അടുത്ത 10 വര്‍ഷംകൊണ്ട് തന്നെ കേരളത്തെ ഒരു 'ഗള്‍ഫ്' ആക്കി മാറ്റാമെന്ന് ദിനില്‍ പറഞ്ഞു. നദികളും കായലുകളുമുള്‍പ്പെടെ ജലാശയ സമ്പുഷ്ടമായ സംസ്ഥാനത്ത് കൂടുമല്‍സ്യകൃഷിക്ക് അത്രത്തോളം സാധ്യതകളുണ്ടെന്നും ദിനില്‍ പ്രസാദ് പറഞ്ഞു.
സിഎംഎഫ്ആര്‍ഐ തദ്ദേശീയമായി വികസിപ്പിച്ച കൂട്മത്സ്യകൃഷി സാങ്കേതികവിദ്യ ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന വിധത്തില്‍ ജനകീയമാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആഭ്യന്തര മല്‍സ്യോല്‍പാദനം കൂട്ടാന്‍ കൂട്മല്‍സ്യകൃഷി സഹായിച്ചിട്ടുണ്ട്. യുവജനങ്ങളുള്‍പ്പെടെ ധാരാളം പേര്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത് പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.