നയതന്ത്ര ബാഗേജില്‍ എത്തിയ പാഴ്‌സലുകള്‍ കൊണ്ടു പോയ ലോറി ഉടമയെയും ഡ്രൈവറെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കസ്റ്റംസിന്റെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരെ കസ്റ്റംസ് ഇന്ന് രാവിലെ 10 മുതല്‍ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.വിമാനത്താവളത്തില്‍ നിന്നും പാഴ്‌സലുകള്‍ എവിടേക്കാണ് കൊണ്ടുപോയത്, എന്തായിരുന്നു പാഴ്‌സലില്‍ എന്നിവ സംബന്ധിച്ച കാര്യങ്ങളാണ കസ്റ്റംസ് ഇവരില്‍ നിന്നും പ്രധാനമായും അറിയാന്‍ ശ്രമിക്കുന്നതെന്നാണ് വിവരം

Update: 2020-09-21 07:11 GMT

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ നിന്നും പാഴ്‌സലുകള്‍ കൊണ്ടുപോയ ലോറി ഉടമയെയും ഡ്രൈവറെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കസ്റ്റംസിന്റെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരെ കസ്റ്റംസ് ഇന്ന് രാവിലെ 10 മുതല്‍ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.വിമാനത്താവളത്തില്‍ നിന്നും പാഴ്‌സലുകള്‍ എവിടേക്കാണ് കൊണ്ടുപോയത്, എന്തായിരുന്നു പാഴ്‌സലില്‍ എന്നിവ സംബന്ധിച്ച കാര്യങ്ങളാണ കസ്റ്റംസ് ഇവരില്‍ നിന്നും പ്രധാനമായും അറിയാന്‍ ശ്രമിക്കുന്നതെന്നാണ് വിവരം.പാഴ്‌സലുകള്‍ക്കുള്ളില്‍ എന്താണെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.ഇവരെക്കൂടാതെ സി-ആപ്റ്റിലെ ഉദ്യോഗസ്ഥരെയും വരും ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കുമെന്നും അറിയുന്നു.

പാഴ്‌സലില്‍ എത്തിയ മതഗ്രന്ഥങ്ങള്‍ കൊണ്ടു പോകാന്‍ സി-ആപ്റ്റിലെ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്ന റിപോര്‍ടും പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നതെന്നാണ് വിവരം.മന്ത്രി കെ ടി ജലീലിനെയും കസ്റ്റംസ് ചോദ്യം ചെയ്യും.അതേ സമയം സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന സ്വപ്‌ന സുരേഷിനെ നാളെ കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും. സ്വപ്നയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ ഐ എ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 22 ന് സ്വപ്നയെ ഹാജരാക്കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

സ്വപ്‌നയുടെ അടക്കം പ്രതികളുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധന തിരുവനന്തപുരത്തെ സി ഡാക്കില്‍ നടന്നു വരികയാണ്.ഇവിടെ നിന്നും കിട്ടിയ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ സ്വപ്‌ന ഉള്‍പ്പെടെയുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എന്‍ ഐ എയുടെ നിലപാട്.നാളെ ഹാജരാക്കുന്ന സ്വപ്നയെ വീണ്ടും കോടതി എന്‍ ഐഎയുടെ കസ്റ്റഡിയില്‍ വിട്ടേക്കും.

Tags:    

Similar News