ഓവർ ടേക്കിങിനെ ചൊല്ലി തർക്കം; എസ്‌ഐയുടേയും മകന്റേയും തെറിവിളിക്ക് പിന്നാലെ നടുറോഡില്‍ കൂട്ടത്തല്ല്
വാക്കുതർക്കത്തിന് പിന്നാലെ കാറിൽ നിന്ന് ഇരുമ്പ് പൈപ്പ് പോലുള്ള വസ്തുവുമായി ബൈക്ക് ഓടിച്ചിരുന്ന യുവാക്കൾക്ക് നേരെ എസ്ഐ ആക്രമിക്കാൻ മുതിരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ ഓവർ ടേക്കിങിനെ ചൊല്ലി നടുറോഡില്‍ കൂട്ടത്തല്ല്. ഓവര്‍ ടേക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
കുണ്ടറ സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ സുഗുണന്‍ ഭാര്യ പ്രിയ, മകന്‍ അമല്‍ എന്നിവര്‍ സഞ്ചരിച്ച കാർ ഓവർ ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. വാക്കുതർക്കത്തിന് പിന്നാലെ കാറിൽ നിന്ന് ഇരുമ്പ് പൈപ്പ് പോലുള്ള വസ്തുവുമായി ബൈക്ക് ഓടിച്ചിരുന്ന യുവാക്കൾക്ക് നേരെ എസ്ഐ ആക്രമിക്കാൻ മുതിരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
പിന്നാലെ എസ്ഐയുടെ ഭാര്യയാണ് ആയുധം ഭർത്താവിൽ നിന്ന് പിടിച്ചുവാങ്ങുകയായിരുന്നു. തുടർന്ന് നടന്ന വാക്കുതർക്കത്തിനിടെ സുഗുണനെ യുവാക്കളിലൊരാൾ തല്ലി. ഇതുകണ്ട എസ്ഐയുടെ മകൻ യുവാവിന് നേരെ പാഞ്ഞടുത്തെങ്കിലും മകന് ഹെൽമെറ്റ് കൊണ്ട് അടിയേൽക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് നടുറോഡിലെ കൂട്ടത്തല്ല് പിരിച്ചുവിട്ടത്.
സാരമായി പരിക്കേറ്റ എസ്ഐയുടെ മകൻ ആശുപത്രിയിൽ ചികിൽസ തേടിയിരിക്കുകയാണ്. സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.