അധികാരം കൈയിലുണ്ടെന്നുവച്ച് എന്തും പറയാമെന്ന് ധരിക്കരുത്; കോടിയേരിയുടെ പ്രതികരണം അതിരുകടക്കുന്നുവെന്ന് എന്‍എസ്എസ്

അധികാരം കൈയിലുണ്ടെന്നുവച്ച് എന്തും പറയാമെന്ന വിചാരം ആര്‍ക്കും നന്നല്ലെന്നും അതിനെ ഭയപ്പെടുന്നില്ലെന്നും എന്‍എസ്എസ് തിരിച്ചടിച്ചു.

Update: 2019-02-23 12:51 GMT

കോട്ടയം: എന്‍എസ്എസ്സിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അതേ ഭാഷയില്‍ മറുപടി നല്‍കി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസ്സിന്റെ മാടമ്പിത്തരം കൈയില്‍വച്ചാല്‍ മതിയെന്നും അവരുടെ പിന്നാലെ പോവേണ്ട ഗതികേട് സിപിഎമ്മിനില്ലെന്നുമായിരുന്നു കോടിയേരിയുടെ പ്രസ്താവന. എന്നാല്‍, അധികാരം കൈയിലുണ്ടെന്നുവച്ച് എന്തും പറയാമെന്ന വിചാരം ആര്‍ക്കും നന്നല്ലെന്നും അതിനെ ഭയപ്പെടുന്നില്ലെന്നും എന്‍എസ്എസ് തിരിച്ചടിച്ചു. കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണങ്ങള്‍ അതിരുകടന്നുപോവുന്നുണ്ട്. ഇപ്പോഴത്തെ പ്രതികരണത്തിന് തക്ക മറുപടി കൊടുക്കാന്‍ അറിയാന്‍മേലാഞ്ഞിട്ടല്ല, അതിനുള്ള സംസ്‌കാരമല്ല എന്‍എസ്എസ്സിനുള്ളത്.

കഴിഞ്ഞകാലങ്ങളില്‍ പരസ്പര മാന്യതയോടുകൂടി പ്രവര്‍ത്തിച്ചിരുന്നവര്‍ ഇന്ന് രണ്ടുപക്ഷത്താവാന്‍ കാരണം വിശ്വാസസംരക്ഷണകാര്യത്തിലുള്ള വൈരുധ്യത മാത്രമാണ്. ഇക്കാര്യത്തില്‍ എന്‍എസ്എസ് നിലപാട് വ്യക്തമാണ്. അതിന്റെ പേരില്‍ നേതൃത്വത്തെ അപമാനിക്കാനോ എന്‍എസ്എസ്സില്‍ ചേരിതിരിവുണ്ടാക്കാനോ ഉള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെ അതിജീവിക്കാനുള്ള സംഘടനാശേഷിയും കെട്ടുറപ്പും എന്‍എസ്എസ്സിനുണ്ടെന്ന കാര്യം ആരും വിസ്മരിക്കേണ്ടെന്നും ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്‍എസ്എസ്സും കോടിയേരിയും തമ്മില്‍ ആരംഭിച്ച വാക്‌പോര് പരസ്യവെല്ലുവിളികളിലേക്ക് എത്തിയിരിക്കുകയാണ്.

Tags:    

Similar News