കോടിയേരി എന്‍എസ്എസ്സില്‍ വിഭാഗീയതയുണ്ടാക്കേണ്ട; പിന്തുണയുമായി മുസ്‌ലിം ലീഗ്
എന്‍എസ്എസ്സില്‍ വിഭാഗീയതയുണ്ടാക്കാന്‍ കോടിയേരിയും സിപിഎമ്മും ശ്രമിക്കേണ്ടെന്നും എന്‍എസ്എസ് മതേതര ജനാധിപത്യവ്യവസ്ഥയ്ക്ക് സഹായിച്ച സംഘടനയാണെന്നും മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി അഭിപ്രായപ്പെട്ടു.
തൃശൂര്‍: ശബരിമല യുവതീ പ്രവേശന വിഷയത്തിന്റെ പേരില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള വാക്‌പോരില്‍ എന്‍എസ്എസ്സിനെ പിന്തുണച്ച് മുസ്‌ലിം ലീഗ്. എന്‍എസ്എസ്സില്‍ വിഭാഗീയതയുണ്ടാക്കാന്‍ കോടിയേരിയും സിപിഎമ്മും ശ്രമിക്കേണ്ടെന്നും എന്‍എസ്എസ് മതേതര ജനാധിപത്യവ്യവസ്ഥയ്ക്ക് സഹായിച്ച സംഘടനയാണെന്നും മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി അഭിപ്രായപ്പെട്ടു.
രാജ്യത്തെ മതേതരശക്തിയായി ഉറച്ചുനില്‍ക്കുന്നവരാണ് എന്‍എസ്എസ്. അവര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിക്കണ്ടെന്നും അതിന് ആരുശ്രമിച്ചാലും നല്ലതല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. എന്‍എസ്എസ്സിലെ ഭൂരിഭാഗവും ഇടതിനൊപ്പമാണെന്നായിരുന്നു കഴിഞ്ഞദിവസം കോടിയേരി നടത്തിയ പ്രസ്താവന. എന്നാല്‍, കോടിയേരിയുടെ പ്രസ്താവനയെ തള്ളിയ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, എന്‍എസ്എസ്സില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്നും ആരുടെയും ഒപ്പം പറ്റിക്കൂടി നിന്ന് ഒന്നും നേടുന്ന സ്വഭാവം തങ്ങള്‍ക്കില്ലെന്നും തിരിച്ചടിച്ചു. ഇതിന് പിന്നാലെയാണ് എന്‍എസ്എസ്സിനെ പിന്തുണച്ചും കോടിയേരിയെ വിമര്‍ശിച്ചും കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.