ഡോളര്‍ക്കടത്ത്: ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപെടുത്തി; കസ്റ്റഡിയില്‍ വാങ്ങിയേക്കും
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കസ്റ്റംസ് ശിവശങ്കര്‍ റിമാന്റില്‍ കഴിയുന്ന കാക്കാനാട് ജയിലിലെത്തി ഡോളര്‍ക്കടത്ത് കേസിലും അറസ്റ്റു രേഖപ്പെടുത്തിയത്.കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണക്കടത്ത് നടത്തിയ കേസിനു പിന്നാലെ വിദേശത്തേക്ക് ഡോളര്‍ക്കടത്തിയ കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കസ്റ്റംസ് ശിവശങ്കര്‍ റിമാന്റില്‍ കഴിയുന്ന കാക്കാനാട് ജയിലിലെത്തി ഡോളര്‍ക്കടത്ത് കേസിലും അറസ്റ്റു രേഖപ്പെടുത്തിയത്.
ഡോളര്‍ക്കടത്ത് കേസിലും ശിവശങ്കറെ അറസ്റ്റു ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.തുടര്‍ന്ന് അപേക്ഷ പരിഗണിച്ച കോടതി അറസ്റ്റു രേഖപ്പെടുത്താന്‍ കസ്റ്റംസിന് അനുമതി നല്‍കുകയായിരുന്നു.സ്വര്‍ണ്ണക്കടത്ത് കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍.അറസ്റ്റു രേഖപ്പെടുത്തിയ സാഹചര്യത്തില്‍ വരും ദിവസം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് വിവരം. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് അറിയുന്നത്.
സ്വപ്‌ന സുരേഷ്, പി എസ് സരിത്ത്, കോണ്‍സുലേറ്റിലെ മുന്‍ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഖാലിദ് മുഹമ്മദ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.നേരത്തെ കസ്റ്റംസിന്റെ ആവശ്യം പരിഗണിച്ച കോടതി ഈജിപ്ഷ്യന്‍ പൗരനായ ഖാലിദിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു.1,90,000 യുഎസ്‌ഡോളര്‍ 2019 ആഗസ്റ്റില്‍ തിരുവനന്തപരും വിമാനത്താവളത്തില്‍ നിന്നും കെയ്‌റോയിലേക്കുള്ള യാത്രയില്‍ ഹാന്‍ഡ് ബാഗില്‍ ഖാലിദ് കടത്തിയെന്ന് കസ്റ്റംസ് നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു.സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഡോളര്‍ക്കടത്തിന്റെ വിവരം വ്യക്തമായതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.