ഇരട്ടക്കൊലപാതകം: ആലപ്പുഴയില്‍ ഇന്ന് സര്‍വകക്ഷി സമാധാനയോഗം

Update: 2021-12-20 01:12 GMT
ഇരട്ടക്കൊലപാതകം: ആലപ്പുഴയില്‍ ഇന്ന് സര്‍വകക്ഷി സമാധാനയോഗം

ആലപ്പുഴ: ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ഇന്ന് സര്‍വകക്ഷി സമാധാന യോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കലക്ടറേറ്റിലാണ് യോഗം. മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ്, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അതേസമയം, ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഇന്നും തുടരും.

വിവിധ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പോലിസ് പിക്കറ്റും തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. പോലിസ് പെട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ നഗരസഭാ പരിധിയിലെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ആലപ്പുഴയില്‍ കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. പൊതുദര്‍ശനത്തിന് ശേഷം വലിയഴീക്കലിലെ കുടുംബ വീട്ടിലായിരിക്കും സംസ്‌കാരം. രഞ്ജിത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇന്ന് ആലപ്പുഴയിലെത്തും.

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യകൊലപാതകമുണ്ടായത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആര്‍എസ്എസ് സംഘം വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.

ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പ്രതികളെന്ന് സംശയിക്കുന്ന 50 പേര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്. കെ എസ് ഷാന്റെ വധത്തിലെ ഗൂഢാലോചനയില്‍ പങ്കാളികളായ രണ്ടുപേരെ നേരത്തേ കസ്റ്റഡിയിലെടുത്തതായി പോലിസ് അറിയിച്ചിരുന്നു. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. എസ്ഡിപിഐ നേതാവ് ഷാനെ ആക്രമിക്കാന്‍ അക്രമിസംഘത്തിന് റെന്റ് എ കാര്‍ വാഹനം ക്രമീകരിച്ചുനല്‍കിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നും പോലിസ് അറിയിച്ചു.

Tags:    

Similar News