കുടിവെള്ള പദ്ധതി നടപ്പിലാക്കിയില്ല: പ്രത്യക്ഷ സമരവുമായി കിളിമാനൂര്‍ തോപ്പില്‍ കോളനി നിവാസികള്‍
അഭിലാഷ് പടച്ചേരി
തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷമായി മുടങ്ങിക്കിടന്ന പഞ്ചായത്ത് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിലെ അലംഭാവത്തിനെതിരെ കിളിമാനൂര്‍ തോപ്പില്‍ കോളനിയിലുള്ളവര്‍ പ്രത്യക്ഷ സമരത്തില്‍. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയില്‍ പന്ത്രണ്ട് വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ക്വാറിയും കോളനിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഈ ക്വാറിക്കെതിരേ എഴുന്നൂറ് ദിവസത്തിലേറെയായി സമരം ചെയ്യുന്ന സേതുവിന്റെ നേതൃത്വത്തില്‍ ഇരുപതോളം പേര്‍ കിളിമാനൂര്‍ ബ്ലോക് പഞ്ചായത്ത് ഉപരോധം തുടങ്ങി. കുടിവെള്ളം കിട്ടുന്നത് വരെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നാണ് സമരം ചെയ്യുന്ന സ്ത്രീകള്‍ പറയുന്നത്. നിരന്തര സമരത്തിന് ശേഷമാണ് കുടിവെള്ള പദ്ധതിക്ക് വേണ്ടി മൂന്ന് വര്‍ഷം മുമ്പ് സ്ഥാപിച്ച പൈപ് ലൈനുകള്‍ പുനസ്ഥാപിച്ച് പണി തുടങ്ങിയത്. ഫെബ്രുവരി 15നകം പണി പൂര്‍ത്തിയാക്കാം എന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പ് നല്‍കിയ തിയ്യതി കഴിഞ്ഞിട്ടും പഞ്ചായത്ത് അധികൃതര്‍ പദ്ധതി പൂര്‍ത്തിയാക്കിയിരുന്നില്ല. പദ്ധതി നടപ്പിലാക്കുന്നതിലെ അലംഭാവം ചോദ്യം ചെയ്ത സമരനേതാവ് സേതുവിനെ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ട്രാക്ടറുടെ ഫോണില്‍ വിളിച്ച് അറസ്റ്റ് ചെയ്യുമെന്ന് മാര്‍ച്ച് 17ന് ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തെ കുറിച്ചു പട്ടിക ജാതി വികസന ബ്ലോക്ക് ഓഫിസര്‍ പറയുന്നതിങ്ങനെ:
'2013-14 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളനിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചെങ്കിലും പ്രാദേശികമായ കാരണങ്ങളാല്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ വീണ്ടും പ്രവര്‍ത്തി പുരോഗമിക്കുന്നു. മൂന്ന് കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പകുതിയോളം വീട്ടില്‍ വെള്ളം കിട്ടി തുടങ്ങിയെന്നാണ് നിര്‍മാണ ചുമതലയുള്ള എന്‍ജിനീയര്‍ പറഞ്ഞിരിക്കുന്നത്, എനിക്ക് തിരഞ്ഞെടുപ്പ് ജോലി ഉള്ളതിനാല്‍ നേരിട്ടെത്തി പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.'
സമര സമിതി കണ്‍വീനര്‍ സേതു പറയുന്നതിങ്ങനെ:
'മൂന്ന് കുഴല്‍ കിണര്‍ കുഴിക്കാനും മൂന്ന് പമ്പുകള്‍ സ്ഥാപിക്കാനും ആണ് പദ്ധതിയില്‍ പറയുന്നത്. ഇതുവരെ രണ്ടു കിണറുകള്‍ കുഴിക്കുകയും ഒരു പമ്പ് മാത്രം സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ കുടിവെള്ള വിതരണം ഇതുവരെ സാധ്യമായിട്ടില്ല. സ്ഥാപിച്ച പൈപ്പ് ലൈന്‍ പ്രവര്‍ത്തന സജ്ജമാണോ എന്നുമാത്രമാണ് അധികൃതര്‍ ഇതുവരെ പരിശോധിച്ചത്. വെള്ളം കിട്ടുന്നില്ല, കുടിവെള്ളത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നത്. നമ്മള്‍ പ്രത്യക്ഷ സമരം തുടങ്ങിയപ്പോള്‍ കുടിവെള്ളം ടാപ്പ് വഴി എത്തിക്കുന്നത് വരെ ടാങ്കറില്‍ വെള്ളം എത്തിക്കാമെന്ന് പട്ടികജാതി വികസന ബ്ലോക്ക് ഓഫിസര്‍ വാക്കാല്‍ പറഞ്ഞൂ. പക്ഷെ രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് പറഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറി.'
കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന എ കെ ആര്‍ എന്ന കരിങ്കല്‍ ക്വാറിയുടെ ഉടമസ്ഥത ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥന്റെ ഭാര്യയായ ഓമനയുടെ പേരിലാണ്. ക്വാറിയുടെ മാനേജര്‍ പ്രാദേശിക സിപിഐഎം നേതാവും കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ ജി പ്രിന്‍സ് ആണ്.
ജനവാസ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഈ ക്വാറിക്ക് എതിരേ 2013ല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ സമരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, ക്വാറി മാഫിയയും, ഉദ്യോഗസ്ഥരും, രാഷ്ട്രീയ നേതൃത്വവും സംയുക്തമായി ജനങ്ങളെ ഭയപ്പെടുത്തി അടിച്ചമര്‍ത്തുകയായിരുന്നു. ക്വാറി നടത്തിപ്പിന് വേണ്ടി കോളനി ഒഴിപ്പിക്കാനാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി കുടിവെള്ള പദ്ധതി നടപ്പിലാക്കാതെ സിപിഎം ഭരണത്തിലുള്ള പഞ്ചായത്ത് ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാണ്.