20 രൂപ നല്‍കാമെന്ന് പറഞ്ഞ് ഭിക്ഷാടകയെ വീട്ടില്‍കയറ്റി പീഡിപ്പിക്കാന്‍ ശ്രമം; പോലിസുകാരനും സുഹൃത്തും അറസ്റ്റില്‍
തിരുവനന്തപുരം: ഭിക്ഷ തേടിയെത്തിയ വയോധികയെ 20 രൂപ നല്‍കാമെന്ന് പറഞ്ഞ് വീട്ടിനകത്ത് കയറ്റി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ പോലിസുകാരനും സുഹൃത്തും അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് സ്‌റ്റേഷനിലെ സിപിഒ ആയ പൂവച്ചല്‍ പാലേലി മണലിവിള വീട്ടില്‍ ലാലു (41), സുഹൃത്ത് കുറ്റിച്ചല്‍ മേലെമുക്ക് സിതാര ഭവനില്‍ സജിന്‍ (44) എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.
കാട്ടാക്കട പൂവച്ചലിലെ യുപി സ്‌കൂളിന് സമീപത്തെ സജിന്റെ വീട്ടില്‍ ഇന്നലെ രാവിലെ 11 മണിയോടെ ഭിക്ഷ തേടിയെത്തിയ തിരുവനന്തപുരം സ്വദേശിനിയായ 82കാരിയെയാണ് 20 രൂപ നല്‍കാമെന്നു പറഞ്ഞ് വീട്ടിനുള്ളിലേക്ക് കയറ്റിയത്. തുടര്‍ന്ന് മുറി പൂട്ടിയ ശേഷം കയറിപ്പിടിക്കാന്‍ ശ്രമിച്ചതോടെ സ്ത്രീ ബഹളം വച്ചു. നാട്ടുകാര്‍ ഓടിയെത്തി വയോധികയെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. വയോധികയെ പൊലീസ് വൈദ്യപരിശോധനക്ക് ശേഷം വീട്ടിലെത്തിച്ചു.
വീട്ടിലെ മൂന്ന് കസേരകള്‍ അടിച്ചുപൊട്ടിച്ച നിലയില്‍ കണ്ടെത്തി. പിടിവലി നടന്നതിന്റെ ലക്ഷണവും വീട്ടിലുണ്ടായിരുന്നു. പ്രതികള്‍ക്കെതിരേ കേസെടുത്തതായി കാട്ടാക്കട ഡിവൈഎസ്പി എന്‍ ഷിബു പറഞ്ഞു.