കുടിവെള്ള ശുദ്ധീകരണം; കുഫോസ് വിദ്യാര്‍ഥികള്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ പുരസ്‌കാരം

25 രാജ്യങ്ങളിലെ ഫുഡ് സയന്‍സ് വിദ്യാര്‍ഥികള്‍ പങ്കെടുത്ത മല്‍സരത്തില്‍ കുഫോസ് എംഎസ്എസി ഫുഡ് സയന്‍സ് നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ അമല ടോണി, എ അശ്വതി, ചിത്ര ഹരിനാരായണന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച പ്രബന്ധമാണ് ലോകത്തെ മികച്ച രണ്ടാമത്തെ പ്രബന്ധത്തിനുള്ള പുരസ്‌കാരം നേടിയത്. നാരങ്ങാത്തൊലിയും വാഴനാരും മുരിങ്ങ, പപ്പായ,കൊന്ന എന്നിവയുടെ വിത്തുകളും ഉപയോഗിച്ച് നൂറ് ശതമാനം സുരക്ഷിതമായി കുടിവെള്ളം ശുദ്ധീകരിക്കുന്നത് സംബന്ധിച്ച ഗവേഷണ ഫലമാണ് ഇവര്‍ പ്രബന്ധമായി അവതരിപ്പിച്ചത്

Update: 2021-02-19 10:39 GMT

കൊച്ചി:രാജ്യാന്തര ഗവേഷണ പ്രബന്ധ മല്‍സരത്തില്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ (കുഫോസ്) വിദ്യാര്‍ഥികള്‍ക്ക് നേട്ടം. 25 രാജ്യങ്ങളിലെ ഫുഡ് സയന്‍സ് വിദ്യാര്‍ഥികള്‍ പങ്കെടുത്ത മല്‍സരത്തില്‍ കുഫോസ് എംഎസ്എസി ഫുഡ് സയന്‍സ് നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ അമല ടോണി, എ അശ്വതി, ചിത്ര ഹരിനാരായണന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച പ്രബന്ധം ലോകത്തെ മികച്ച രണ്ടാമത്തെ പ്രബന്ധത്തിനുള്ള പുരസ്‌കാരം നേടി.

നാരങ്ങാത്തൊലിയും വാഴനാരും മുരിങ്ങ, പപ്പായ,കൊന്ന എന്നിവയുടെ വിത്തുകളും ഉപയോഗിച്ച് നൂറ് ശതമാനം സുരക്ഷിതമായി കുടിവെള്ളം ശുദ്ധീകരിക്കുന്നത് സംബന്ധിച്ച ഗവേഷണ ഫലമാണ് ഇവര്‍ പ്രബന്ധമായി അവതരിപ്പിച്ചത്. ഇവരേക്കാള്‍ ഒരു മാര്‍ക്ക് കൂടുതല്‍ ലഭിച്ച പാരിസ് യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കാണ് ഒന്നാം സ്ഥാനം. യൂറോപ്യന്‍ യൂനിയന്റെ കീഴിലുളള യൂറോപ്യന്‍ ഫുഡ് സ്റ്റഡീസ് ആന്റ് ട്രെയിനിങ്ങ് അലൈന്‍സാണ് അഖില ലോകത്തലത്തില്‍ നടത്തുന്ന ഈ മല്‍സരത്തിന്റെ സംഘാടകര്‍.

25 രാജ്യങ്ങളിലെ വിദ്യാര്‍ഥികളില്‍ നിന്ന് ആദ്യ റൗണ്ടില്‍ യോഗത്യ നേടി ഫൈനല്‍ റൗണ്ടിലേക്ക് കുഫോസ് വിദ്യാര്‍ഥികള്‍ക്ക് ഒപ്പം ഏഷ്യയില്‍ നിന്ന് പ്രവേശനം നേടിയത് ഇന്ത്യനോഷ്യന്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ മാത്രമാണ്. ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ ഉള്‍പ്പെടാന്‍ അവര്‍ക്ക് ആയില്ല.

കുഫോസിലെ ഫുഡ് സയന്‍സ് എമിററ്റസ് പ്രഫ.ഡോ.കെ ഗോപകുമാറിന്റെയും അധ്യാപകരായ ഡോ.മായ രാമന്റെയും ഡോ.ജെനി ജോണിന്റെയും നേതൃത്വത്തില്‍ അമലയും അശ്വതിയും ചിത്രയും രണ്ട് വര്‍ഷമായി നടത്തിയ ഗവേഷണ നിരീക്ഷണങ്ങളാണ് മല്‍സര പ്രബന്ധമായി അവതരിപ്പിച്ചത്.യൂറോപ്യന്‍ ഫുഡ് സ്റ്റഡീസ് ആന്റ് ട്രെയിനിങ്ങ് അലൈന്‍സിന്റെ ഉന്നത പരിശീല പരിപാടികളില്‍ പങ്കെടുക്കാനുള്ള അസരവമാണ് കുഫോസ് വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനം.

Tags:    

Similar News