മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതികള്‍ക്ക് കഠിന തടവും പിഴയും

Update: 2019-06-18 20:03 GMT

കൊല്ലം: മയക്കുമരുന്ന് ആംപ്യൂളുകള്‍ കടത്തിയ കേസിലെ പ്രതികള്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കൊല്ലം അഡീഷനല്‍ ജില്ലാ കോടതി(നാല്) ജഡ്ജി എസ് കൃഷ്ണകുമാര്‍ ഉത്തരവിട്ടു. ഒന്നാംപ്രതി കൊല്ലം അയത്തില്‍ നടയില്‍ വീട്ടില്‍ ശിവകുമാര്‍, തൃക്കോവില്‍വട്ടം പ്രണവം നിവാസില്‍ കുക്കു എന്ന് വിളിക്കുന്ന പ്രണവ് എന്നിവരെയാണ് ശിക്ഷിച്ചത്. രണ്ടാം പ്രതിയായ പ്രണവ് പ്രമാദമായ രജ്ഞിത് കൊലക്കേസില്‍ നാലാം പ്രതിയായി ഇപ്പോള്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ്. 2016 മാര്‍ച്ച് രണ്ടിനു രാത്രി 11.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുരേഷും പാര്‍ട്ടിയുമാണ് കൊല്ലം തട്ടാമലക്കു സമീപത്തു നിന്ന് ഇവരെ പിടികൂടിയത്. കുത്തിവയ്ക്കുന്ന മയക്കുമരുന്നായ ബൂഫ്രിനോര്‍ഫിന്‍ ആംപ്യൂളുകളുമായി ബൈക്കില്‍ വരുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. 10 ആംപ്യൂള്‍ മയക്കുമരുന്നുകളും ആറ് സിറിഞ്ചുകളും പ്രതികളില്‍ നിന്നു പിടിച്ചെടുത്തിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി വിനോജ്, പ്രിവന്റീവ് ഓഫിസര്‍ ശ്യാംകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മനോജ് ലാല്‍, അരുണ്‍ ആന്റണി, അശ്വന്ത് എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി ബി മഹേന്ദ്രന്‍, അഭിഭാഷകരായ പ്രവീണ്‍ അശോക്, ജസ്‌ല കബീര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.


Tags:    

Similar News