കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി; വനിതാ പഞ്ചായത്തംഗവും കൂട്ടാളികളും പിടിയില്‍
ഇടുക്കി: കാമുകനൊപ്പം ജീവിക്കുന്നതിന് ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ വനിതാ പഞ്ചായത്ത് അംഗവും കൂട്ടാളികളും പിടിയിലായി. വണ്ടന്‍മേട് പഞ്ചായത്തിലെ സിപിഎം സ്വതന്ത്ര അംഗം സൗമ്യ, കാമുകന്‍ വിനോദിന്റെ സുഹൃത്തുക്കളായ ഷാനവാസ്, ഷെല്‍ഫിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 22ന് സൗമ്യയുടെ ഭര്‍ത്താവ് സുനില്‍ വര്‍ഗീസിന്റെ വാഹനത്തില്‍നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ കേസിലാണ് ഇപ്പോള്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്.
വണ്ടന്‍മേട് പോലിസും ഇടുക്കി ജില്ലാ പോലിസ് മേധാവിയുടെ ടീം അംഗങ്ങളും ചേര്‍ന്നാണ് സുനില്‍ വര്‍ഗീസിന്റെ വാഹനത്തില്‍നിന്ന് എംഡിഎംഎ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലിസ് വാഹനം പരിശോധിച്ചത്. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ ഉടമയായ സുനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ വില്‍പ്പന നടത്തുന്നതായോ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണം നടത്തി.
സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യ സൗമ്യ കാമുകനായ വിദേശ മലയാളി വിനോദും സുഹൃത്ത് ഷാനവാസും ഷെല്‍ഫിനും ചേര്‍ന്ന് നടത്തിയ തന്ത്രപരമായ പദ്ധതിയാണ് പൊളിഞ്ഞത്. കാമുകന്‍ വിനോദിന്റെ നിര്‍ദേശപ്രകാരം അയാളുടെ സുഹൃത്ത് ഷാനവാസാണ് സുനിലിന്റെ വാഹനത്തില്‍ ഒളിപ്പിക്കാനായി എംഡിഎംഎ സൗമ്യക്ക് എത്തിച്ചുകൊടുത്തതെന്ന് പോലിസ് കണ്ടെത്തി. സുനിലിനെ കൊലപ്പെടുത്താനായിരുന്നു ആദ്യം ഇവര്‍ തീരുമാനിച്ചത്. കൊച്ചിയിലെ ക്വട്ടേഷന്‍ ടീമുകളെ ഇതിനായി സമീപിക്കാനായിരുന്നു നീക്കമെങ്കിലും പിടിക്കപ്പെടുമെന്ന് ഭയന്ന് ഇതില്‍നിന്ന് പിന്‍മാറി.
ഫെബ്രുവരി 18ന് വിനോദും സുഹൃത്ത് ഷാനവാസും ചേര്‍ന്ന് വണ്ടന്‍മേട് ആമയറ്റില്‍ വച്ചാണ് മയക്കുമരുന്ന് കൈമാറിയത്. ഇത് സൗമ്യ സുനിലിന്റെ ഇരുചക്ര വാഹനത്തില്‍ വച്ചശേഷം വാഹനത്തിന്റെ ഫോട്ടോ കാമുകന് അയച്ചുകൊടുത്തു. പോലിസിനും മറ്റിതര ഏജന്‍സികള്‍ക്കും സൗമ്യ വിദേശത്ത് ജോലിചെയ്യുന്ന കാമുകന്‍ മുഖേന സൂചന കൊടുപ്പിച്ചു. ഇതുപ്രകാരം പോലിസ് നടത്തിയ അന്വേഷണത്തില്‍ എംഡിഎംഎ ലഭിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുനിലിനെ കെണിയില്‍പ്പെടുത്തുകയാണെന്ന് വ്യക്തമാവുകയും ചെയ്തു.
ഷാനവാസും ഷെഫിന്‍ഷായും ചേര്‍ന്നാണ് 45,000 രൂപയ്ക്കാണ് വിനോദിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തതെന്നും വ്യക്തമായിട്ടുണ്ട്. ഒരുവര്‍ഷമായി സൗമ്യയും കാമുകനായ വിനോദും അടുപ്പത്തിലായിരുന്നു. വിദേശത്തുനിന്നെത്തിയ വിനോദും സൗമ്യയും ഒരുമാസം മുമ്പ് എറണാകുളത്ത് ആഡംബര ഹോട്ടലില്‍ റൂം എടുത്താണ് സുനിലിനെ ഒഴിവാക്കുന്നതിനായി ഗൂഢാലോചന നടത്തിയത്. മയക്കുമരുന്ന് എത്തിച്ചുകൊടുത്തശേഷം വിദേശത്തേയ്ക്ക് കടന്ന കാമുകനെ തിരികെയെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലിസ്.