താര പരിവേഷത്തില്‍ നിന്ന് സംശയ നിഴലിലേക്ക്; കൈക്കൂലി ആരോപണത്തില്‍ സമീര്‍ വാങ്കഡേയുടെ തൊപ്പി തെറിക്കുമോ?
എന്‍സിബി ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജ്ഞാനേശ്വര്‍ സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക.
ന്യൂഡല്‍ഹി: മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ഉള്‍പ്പെടെയുള്ള ചില ഏജന്‍സി ഉദ്യഗോസ്ഥര്‍ 25 കോടി കൈക്കൂലിയായ കൈപറ്റിയെന്ന ക്രൂയിസ് ഷിപ്പ് മയക്കുമരുന്നു കേസിലെ സാക്ഷിയുടെ ആരോപണത്തെതുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് നാര്‍ക്കോട്ടിക് കണ്‍ഡ്രോള്‍ ബ്യൂറോ. എന്‍സിബി ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജ്ഞാനേശ്വര്‍ സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ താരമായ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ ആര്യന്‍ഖാനെ വിട്ടയക്കുന്നതിനാണ് പണം കൈപറ്റിയെന്നാണ് ആരോപണം. കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയിലാണ് വാങ്കഡെയ്ക്കും എന്‍സിബി ഉദ്യോഗസ്ഥര്‍ക്കും എതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ലഹരിമരുന്ന് കേസില്‍ പ്രതിയായ ആര്യന്‍ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെ പി ഗോസാവിയും എന്‍സിബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയും പണം കൈപ്പറ്റിയെന്നായിരുന്നു പ്രഭാകര്‍ സെയില്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. സാം ഡിസൂസ എന്നയാളുമായി കോടികളുടെ ഇടപാടാണ് ഗോസാവി നടത്തിയതെന്നും ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ആകെ 25 കോടി രൂപയുടെ പണമിടപാട് നടന്നിട്ടുണ്ടെന്നും കേസിലെ സാക്ഷിയാക്കിയ തന്നില്‍നിന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ വെള്ളപേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങിയെന്നും പ്രഭാകര്‍ ആരോപിച്ചിരുന്നു. ഗോസാവി ഷാറൂഖിന്റെ മാനേജറുമായി കൂടിക്കാഴ്ച നടത്തിയത് താന്‍ കണ്ടെന്നും സെയ്‌ലി പറഞ്ഞു.
എന്നാല്‍ പ്രഭാകര്‍ സെയിലിന്റെ ആരോപണങ്ങള്‍ സമീര്‍ വാങ്കഡെയും എന്‍സിബി ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നായിരുന്നു സമീര്‍ വാങ്കഡയുടെ പ്രതികരണം. പണം വാങ്ങിയെങ്കില്‍ എങ്ങനെയാണ് ആര്യന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ജയിലില്‍ കിടക്കുന്നതെന്ന് മറ്റ് എന്‍സിബി ഉദ്യോഗസ്ഥരും ചോദിച്ചു.
അതേസമയം, വാങ്കഡെയ്ക്ക് എതിരേ കടുത്ത ആരോപണവുമായി മഹാരാഷ്ട്ര എന്‍സിപി മന്ത്രി നവാബ് മാലിക്കും രംഗത്തെത്തി. സമീര്‍ വാങ്കഡെ മുസ്‌ലിം ആണെന്നും അത് മറച്ചുവെച്ചെന്നും മാലിക് ആരോപിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ സംവരണം ലഭിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റ് തിരുത്തുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ ഒരു വര്‍ഷത്തിനകം സമീര്‍ വാംഖഡേയുടെ ജോലി പോകുമെന്ന് നവാബ് മാലിക് പറഞ്ഞിരുന്നു. 'ബി.ജെ.പിയ്ക്ക് ഒരു പാവയുണ്ട്, വാംങ്കഡെ. കള്ളക്കേസുകള്‍ ഉണ്ടാക്കലാണ് അയാളുടെ ജോലി. ഒരു വര്‍ഷത്തിനുള്ളില്‍ വാങ്കഡേയുടെ ജോലി തെറിക്കുമെന്ന് ഞാന്‍ വെല്ലുവിളിക്കുകയാണ്. കള്ളക്കേസുകളെ കുറിച്ചുള്ള തെളിവുകള്‍ ഞങ്ങളുടെ കയ്യിലുണ്ട് നവാബ് മാലിക് പറഞ്ഞു.
ഇതിന് പിന്നാലെ മാലിക്കിനെതിരെ വാങ്കഡെ രംഗത്തെത്തി. നിലവാരമില്ലാത്ത ആരോപണമാണ് നവാബ് മാലിക് തനിക്കെതിരെ ഉയര്‍ത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മയക്കുമരുന്ന് കേസുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണിവ. തന്റെ മരിച്ചുപോയ അമ്മയെയും അവരുടെ മതവുമെല്ലാം ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്നും വാങ്കഡെ ചോദിച്ചു.
ഇക്കാര്യങ്ങളില്‍ സംശയമുള്ളവര്‍ക്ക് തന്റെ ജന്മനാട്ടില്‍ പോയി കാര്യങ്ങള്‍ അന്വേഷിക്കാവുന്നതാണ്. അതല്ലാതെ ഇത്തരം മലിനമായ ആരോപണങ്ങള്‍ ആരും പ്രചരിപ്പിക്കരുതെന്നും ഇത്തരം നീക്കങ്ങളെ നിയമപരമായി നേരിടുമെന്നും സമീര്‍ വാങ്കഡെ പറഞ്ഞു.