മയക്കുമരുന്ന് വ്യാപനം: ബസ് സ്റ്റാന്റിലും റെയില്‍വേ സ്‌റ്റേഷനിലും ദിവസേന റെയ്ഡ് നടത്തും
കേരള ആന്റി നര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന്റെ കഴിഞ്ഞ രണ്ടുമാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയശേഷമാണ് നിര്‍ദേശം പുറപ്പെടുവിപ്പിച്ചത്. മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും എല്ലാ ടൂറിസ്റ്റ് ബസ്സുകളിലും ദിവസേന പരിശോധന നടത്താന്‍ യോഗം തീരുമാനിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നിന്റെയും മറ്റ് ലഹരി ഉല്‍പ്പന്നങ്ങളുടെയും വ്യാപനം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സോണല്‍ എഡിജിപിമാര്‍ക്കും റെയ്ഞ്ച് ഐജിമാര്‍ക്കും ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. കേരള ആന്റി നര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന്റെ കഴിഞ്ഞ രണ്ടുമാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയശേഷമാണ് നിര്‍ദേശം പുറപ്പെടുവിപ്പിച്ചത്. മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും എല്ലാ ടൂറിസ്റ്റ് ബസ്സുകളിലും ദിവസേന പരിശോധന നടത്താന്‍ യോഗം തീരുമാനിച്ചു. വിദ്യാലയങ്ങളുടെ പരിസരത്ത് മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ജാമ്യമില്ലാ വകുപ്പുപ്രകാരം ശക്തമായ നടപടിയെടുക്കും.
റെയില്‍വേ പോലിസില്‍ റെയില്‍വേ എസ്പിയുടെ നേതൃത്വത്തില്‍ ആന്റി നര്‍കോട്ടിക് ഡിവിഷന്‍ രൂപീകരിക്കും. ലഹരി ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിന് പോലിസും എക്‌സൈസും ചേര്‍ന്ന് സംസ്ഥാനത്തൊട്ടാകെ റെയ്ഡുകള്‍ നടത്തും. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനും താഴെ തട്ടിലുള്ളവരെ കണ്ടെത്തുന്നതിനും മയക്കുമരുന്നിന് അടിമപ്പെട്ടവരെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനും കര്‍മപദ്ധതി രൂപീകരിക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലകളില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ എല്ലാ ആഴ്ചയും ജില്ലാ പോലിസ് മേധാവിമാരെ സന്ദര്‍ശിച്ച് മയക്കുമരുന്ന് കടത്തുന്നവരുടെ നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കും. നര്‍കോട്ടിക്‌സ് സെല്‍ ഡിവൈഎസ്പിമാര്‍ എല്ലാ ആഴ്ചയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരുമായി യോഗം ചേരും.
എക്‌സൈസ് വകുപ്പ് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനായി കണ്ടെത്തിയ 3,000 സ്‌കൂളുകളില്‍ അവരോടൊപ്പം ഒരു സിവില്‍ പോലിസ് ഓഫിസര്‍കൂടി ഇനി മുതലുണ്ടാവും. എക്‌സൈസ് വകുപ്പിന്റെ ലഹരിവിമുക്ത പ്രവര്‍ത്തനങ്ങളില്‍ പോലിസിന്റെ സജീവപങ്കാളിത്തം ഉറപ്പാക്കും. മയക്കുമരുന്നിന്റെ ലഭ്യത തടയുക, ആവശ്യകത കുറയ്ക്കുക, അടിമകളായവര്‍ക്ക് കൗണ്‍സിലിങ് നല്‍കുക, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക മുതലായ മാര്‍ഗങ്ങളിലൂടെ മയക്കുമരുന്നിനെതിരേയുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, എഡിജിപി എസ് ആനന്ദകൃഷ്ണന്‍, ഐജിയും കേരള ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് സംസ്ഥാന നോഡല്‍ ഓഫിസറുമായ പി വിജയന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.