വീട്ടില്‍ ബീഫുണ്ടെന്നു പറഞ്ഞ് പോലിസ് അതിക്രമം; യുപിയില്‍ 55കാരിക്ക് ദാരുണാന്ത്യം
ലഖ്‌നോ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന യുപിയില്‍ ബീഫിന്റെ പേരില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് പോലിസ് നടത്തിയ അതിക്രമത്തില്‍ ബിജ്‌നോര്‍ ഖതായ് സ്വദേശിനി റസിയ(55)യാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. റസിയയുടെ വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശമുണ്ടെന്ന് പറഞ്ഞാണ്
യാതൊരുവിധ വാറന്റുമില്ലാതെ പോലിസ് സംഘം റെയ്ഡ് നടത്തിയത്. പോലിസ് അതിക്രമത്തിനിടെ റസിയയ്ക്ക് ഹൃദയാഘാതമുണ്ടായാണ് മരണപ്പെട്ടത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പോലിസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതോടെ മാതാവിനോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്തതായി റസിയയുടെ മകള്‍ ഫര്‍ഹാന പറഞ്ഞു. ഒരു കോണ്‍സ്റ്റബിള്‍ റസിയയെ നെഞ്ചില്‍ പിടിച്ചു തള്ളി. തുടര്‍ന്ന് റസിയ നിലത്തുവീണതായും മകള്‍ ആരോപിച്ചു. ഉടന്‍ റസിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിലേക്ക് പരിശോധനയ്‌ക്കെത്തിയപ്പോള്‍ പോലിസുകാര്‍ക്കൊപ്പം ഒരു വനിതാ പോലിസുകാരി പോലും ഉണ്ടായിരുന്നില്ലെന്നും റസിയയുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, പോലിസ് പരിശോധനയില്‍ വീട്ടില്‍ നിന്നു ബീഫോ സംശയകരമായ വസ്തുക്കളോ കണ്ടെത്തിയില്ല. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ വീട്ടില്‍ പരിശോധന നടത്തുകയും
'ആക്ഷേപകരമായ വസ്തുക്കള്‍' ഒന്നും കണ്ടെത്താതിരിക്കുകയും ചെയ്ത നാല് കോണ്‍സ്റ്റബിള്‍മാരെ പോലിസ് ലൈനിലേക്ക് അയച്ചതായി ബിജ്‌നോര്‍ പോലിസ് സൂപ്രണ്ട് അഭിഷേക് ഝാ പറഞ്ഞു. 'അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പക്ഷപാതപരമായ വിവരങ്ങള്‍ നല്‍കിയതിന് വിവരം നല്‍കുന്നയാള്‍ക്കെതിരെയും അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്ന് ഝാ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.