22 പേജുള്ള നോട്ട്ബുക്കല്ല; റേഷൻ കാർഡ് ഇനിമുതൽ ഇ-കാര്‍ഡ്
സംസ്ഥാനത്ത് ആറ് മാസത്തിനുള്ളില്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം ആരംഭിക്കാനുള്ള നീക്കത്തിലാണ് സിവില്‍ സപ്ലൈസ് വകുപ്പ്. ഇതിനുള്ള ശുപാര്‍ശ ഒക്ടോബറില്‍ സിവില്‍ സപ്ലൈസ് വിഭാഗം സര്‍ക്കാരിന് നല്‍കി.
തിരുവനന്തപുരം: 22 പേജുള്ള നോട്ടുബുക്കുപോലുള്ള പഴയ റേഷന്‍ കാര്‍ഡ് ഇനി പുതിയ മുഖം. രണ്ട് പുറത്തും വിവരങ്ങളടങ്ങിയ ഒറ്റ കാര്‍ഡായി റേഷന്‍ കാര്‍ഡ് മാറുന്നു. സംസ്ഥാനത്ത് ആറ് മാസത്തിനുള്ളില്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം ആരംഭിക്കാനുള്ള നീക്കത്തിലാണ് സിവില്‍ സപ്ലൈസ് വകുപ്പ്. ഇതിനുള്ള ശുപാര്‍ശ ഒക്ടോബറില്‍ സിവില്‍ സപ്ലൈസ് വിഭാഗം സര്‍ക്കാരിന് നല്‍കി.
അനുമതി ലഭിക്കുന്നതോടെ ആറ് മാസത്തിനകം ഇ-കാര്‍ഡ് നല്‍കി തുടങ്ങുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ.നരസിംഹുഗരി ടി എല്‍ റെഡ്ഡി പറഞ്ഞു. പുതിയ റേഷന്‍ കാര്‍ഡിനായി സപ്ലൈ ഓഫീസുകളില്‍ കയറിയിറങ്ങുകയും വേണ്ട. അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ കാര്‍ഡ് പ്രിന്റ് ചെയ്ത് കൈയിലെത്തും.
അന്ത്യോദയ, മുന്‍ഗണന, പൊതുവിഭാഗങ്ങളിലായി നാല് നിറങ്ങളില്‍ 22 പേജുകളില്‍ പുസ്തക രൂപത്തിലാണ് ഇപ്പോള്‍ റേഷന്‍ കാര്‍ഡ്. ഇത് ആധാര്‍ മാതൃകയില്‍ ഒറ്റ കാര്‍ഡായി മാറ്റും. പുതിയ അപേക്ഷകര്‍ക്ക് ഇകാര്‍ഡ് നല്‍കും. പുസ്തക രൂപത്തിലുള്ള കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് വേണമെങ്കില്‍ ഇ-കാര്‍ഡാക്കി മാറ്റാനും അവസരമുണ്ട്. സപ്ലൈ ഓഫീസുകളില്‍ ക്യൂ നില്‍ക്കാതെ സമീപത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍നിന്ന് കാര്‍ഡ് പ്രിന്റ് ചെയ്ത് കിട്ടും. കുടുംബാംഗങ്ങളുടെ പേരുള്‍പ്പെടെയുള്ള അത്യാവശ്യ വിവരങ്ങള്‍ കാര്‍ഡിന്റെ രണ്ട് പുറങ്ങളിലായി രേഖപ്പെടുത്തും. ഭാവിയില്‍ ചിപ്പ് ഘടിപ്പിച്ച് സ്മാര്‍ട്ട് കാര്‍ഡായി മാറ്റാനും ആലോചനയുണ്ട്.
കൂടുതല്‍ അപേക്ഷകരുള്ളചില സപ്ലൈ ഓഫീസുകളില്‍ കാര്‍ഡ് നല്‍കുന്നതിന് രണ്ട് മുതല്‍ 15 ദിവസം വരെ സമയമെടുക്കുന്നുണ്ട്. ഇ-കാര്‍ഡ് ഏര്‍പ്പെടുത്തുന്നതിലൂടെ ഇത് പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. അക്ഷയകേന്ദ്രം വഴി അപേക്ഷിച്ച് കാര്‍ഡിനായി ഇപ്പോള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ എത്തണം. എന്നാല്‍ ആശുപത്രി, വിദ്യാഭ്യാസം, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നീ ആവശ്യങ്ങള്‍ക്ക് നേരിട്ട് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അടിയന്തരമായി കാര്‍ഡ് നല്‍കുന്നുണ്ട്. ഇ-കാര്‍ഡ് പദ്ധതി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററാണ് നടപ്പാക്കുന്നത്.