സംസ്ഥാനത്ത് കള്ളവോട്ട് നടന്ന ബൂത്തുകളിൽ റീപോളിങിന് സാധ്യത
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിങ് നടക്കാന്‍ പോവുന്നത്. കാസര്‍കോഡ് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിങിന് സാധ്യത.
തിരുവനന്തപുരം: കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിങിന് സാധ്യത. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിങ് നടക്കാന്‍ പോവുന്നത്.
കാസര്‍കോഡ് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിങ് നടക്കാന്‍ സാധ്യതയുള്ളത്. ഇക്കാര്യത്തില്‍ ഇന്നുതന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റ ഉത്തരവ് പുറത്തുവരുമെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19 ഞായറാഴ്ച തന്നെ റീപോളിങ് നടക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ലഭിച്ചിട്ടുണ്ട്.
കല്ല്യാശ്ശേരി പില്ലാത്തറ യുപി സ്‌കൂളിലെ ബൂത്ത്, പുതിയങ്ങാടി ജുമാ മസ്ജിദിലെ 69,70 നമ്പര്‍ ബൂത്തുകള്‍, തൃക്കരിപ്പൂര്‍ പുതിയറയിലെ 48-ാം നമ്പര്‍ ബൂത്ത് എന്നീ നാല് ബൂത്തുകളിലാവും റീപോളിങ് നടക്കുക. ബൂത്തുകളെല്ലാം കണ്ണൂര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇവയെല്ലാം തന്നെ കാസര്‍കോഡ് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കലക്ടറാണ് ഇവിടെ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുന്നത്.