ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ നാളെ തുറക്കും; പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
രാവിലെ ആറു മുതല്‍ ആവശ്യാനുസരണം പരമാവധി 80 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം.പരമാവധി 100 ക്യൂബിക്ക് മീറ്റര്‍/സെക്കന്റ് ജലം പുറത്തേയ്ക്ക് ഒഴുക്കാനുമാണ് അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്
കൊച്ചി: ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നാളെ തുറക്കും.രാവിലെ ആറു മുതല്‍ ആവശ്യാനുസരണം പരമാവധി 80 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം.പരമാവധി 100 ക്യൂബിക്ക് മീറ്റര്‍/സെക്കന്റ് ജലം പുറത്തേയ്ക്ക് ഒഴുക്കാനുമാണ് അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്.നിലവില്‍ ഇടമലയാര്‍ അണക്കെട്ടിലെ ജല നിരപ്പ് ബ്ലൂ അലര്‍ട്ട് ലെവലിലാണ്.
ആശങ്കാജനകമായ സാഹ്യര്യമില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ തുലാവര്‍ഷത്തോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ ശക്തമായ മഴയും നീരൊഴുക്കും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാലും ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ വരും ദിവസങ്ങളില്‍ തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ രണ്ടു ഡാമുകളില്‍ നിന്നും ഒരേ സമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം ഒഴിവാക്കുന്നതിനുമാണ് ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
പുറത്തേയ്ക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 100 ക്യുബിക്ക് മീറ്റര്‍/സെക്കന്റ് മാത്രമായതിനാല്‍ പെരിയാറില്‍ ഗുരുതരമായ സാഹചര്യം പ്രതീക്ഷിക്കുന്നില്ല. എങ്കിലും പുഴയുടെയും കൈവഴികളുടെയും സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.