ഇടപ്പള്ളി- മൂത്തകുന്നം പ്രദേശത്ത് ഭൂമിയേറ്റെടുക്കല്‍; വിജ്ഞാപനം കത്തിച്ച് ദേശീയപാത സംയുക്ത സമരസമിതിയുടെ പ്രതിഷേധം
ചേരാനല്ലൂരിലെ ദേശീയപാത സമരപന്തലില്‍ ദേശീയപാത സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.മുന്‍കൂര്‍ പരിസ്ഥിതി അനുമതി ലഭിച്ചതിനു ശേഷമേ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ പാടുള്ളൂ എന്ന സുപ്രീം കോടതി വിധി കാറ്റില്‍പറത്തിയാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു
കൊച്ചി: ഇടപ്പള്ളി- മൂത്തകുന്നം പ്രദേശത്ത് ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം ഇറക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ചേരാനല്ലൂരില്‍ 3ഡി വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു. ചേരാനല്ലൂരിലെ ദേശീയപാത സമരപന്തലില്‍ ദേശീയപാത സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.മുന്‍കൂര്‍ പരിസ്ഥിതി അനുമതി ലഭിച്ചതിനു ശേഷമേ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ പാടുള്ളൂ എന്ന സുപ്രീം കോടതി വിധി കാറ്റില്‍പറത്തിയാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു.
പരിസ്ഥിതി ആഘാത പഠനം, പൊതു തെളിവെടുപ്പ്, പൊതുചര്‍ച്ച, പാരിസ്ഥിതിക അനുമതി എന്നിവയ്ക്ക് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കാന്‍ പാടുള്ളൂ എന്ന 2013ലെ പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം ശരിവച്ചാണ് കഴിഞ്ഞ ഡിസംബര്‍ 8ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇക്കാര്യങ്ങളെല്ലാം 2019 ജനുവരി ഒന്നിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സമരസമിതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സമരസമിതി നേതാക്കളെ ആക്ഷേപിക്കുകയും മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയുമായിരുന്നു അന്നത്തെ കലക്ടര്‍ ചെയ്തതെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു.
സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ മുമ്പാകെ വ്യക്തിപരമായി എതിര്‍പ്പ് രേഖപ്പെടുത്തിയ ആയിരത്തോളം ഉടമകളും ഇക്കാര്യം രേഖാമൂലം ഉന്നയിച്ചിരുന്നെങ്കിലും പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് രേഖപ്പെടുത്തി ആക്ഷേപങ്ങള്‍ തീര്‍പ്പാക്കി ഉത്തരവിട്ടു.തുടക്കംമുതല്‍ നിയമവിരുദ്ധമായാണ് സ്ഥലമെടുപ്പ് നടപടികള്‍ തുടരുന്നത്. സുപ്രീം കോടതി വിധിയോടെ ഇപ്പോള്‍ നടക്കുന്ന സ്ഥലമെടുപ്പ് നടപടികള്‍ നിയമവിരുദ്ധമായതിനാല്‍ നിര്‍ത്തിവെക്കണമെന്നും സംയുക്തസമരസമിതി ആവശ്യപ്പെട്ടു.
ചേരാനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജാഫര്‍ മംഗലശേരി അധ്യക്ഷത വഹിച്ചു.ഹാഷിം ചേന്നാംപിള്ളി, വി കെ സുബൈര്‍ , മുഹമ്മദ് അസ്ലം, എ ബി നിയാസ, എ എ ഉബൈദ്, ഷിഹാബ്, ചന്ദ്ര ശേഖരന്‍, ടോമി അറക്കല്‍, കെ ഡി ലോറന്‍സ്, ജോഷി സംസാരിച്ചു.