സ്വപ്‌നയുടെ നിയമനം, സ്പ്രിങ്ഗ്ലര്‍ കരാറുകളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ജനയുഗത്തിന്റെ എഡിറ്റോറിയല്‍ ലേഖനം
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനം, സ്പ്രിങ്ഗ്ലര്‍ കരാര്‍ എന്നിവയില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐയുടെ മുഖപത്രമായ ജനയുഗം.സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. ലേഖനത്തിന്റെ അവസാന ഭാഗത്താണ് വിമര്‍ശനം ഉന്നയിക്കുന്നത.് ആദ്യ ഭാഗത്ത് വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് അധികാരികള്‍ സ്വര്‍ണം പിടികൂടിയ സംഭവം കേരള ഗവണ്‍മെന്റിനും മുഖ്യമന്ത്രിക്കുമെതിരായ രാഷ്ട്രീയ ആക്രമണത്തിനായി യുഡിഎഫും ബിജെപിയും ഉപയോഗിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും, കേരള സര്‍ക്കാരിനും എതിരായി അതിശക്തമായ രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ തയ്യാറെടുപ്പിലാണവരെന്നത് അടക്കമുള്ള കാര്യങ്ങളാണ് പറയുന്നത്.
'സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന നിയമനങ്ങള്‍ എല്ലാം സുതാര്യമായിരിക്കണം. നിയമനങ്ങള്‍ കണ്‍സള്‍ട്ടിങ് കമ്പനികളെ ഏല്‍പ്പിക്കുന്നത് ശരിയായ നടപടിയായി കാണാന്‍ കഴിയില്ല. കണ്‍സള്‍ട്ടിങ് കമ്പനികള്‍ക്ക്, അവരുടെ ബിസിനസ് താല്പര്യം മാത്രമാണ് ഉണ്ടാകുക. ഇടതു കാഴ്ചപ്പാട് അവര്‍ക്ക് അയലത്തെ ഉണ്ടാവില്ല. അനധികൃതമായി പലരും കടന്നുവരുന്നതിന് അതൊക്കെ വഴിവയ്ക്കുമെന്ന് അനുഭവത്തില്‍ മനസിലാക്കുവാന്‍ കഴിയണം. കേന്ദ്രത്തില്‍ ബിജെപി രണ്ടാമതും അധികാരത്തില്‍ എത്തിയതോടെ ഇന്ത്യയിലെ ഇടതു-ജനാധിപത്യമതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരായി കടുത്ത കടന്നാക്രമണമാണ് നടത്തുന്നത്.'-ലേഖനത്തില്‍ പറയുന്നു.
സ്പ്രിങ്ഗ്ലര്‍ ഇടപാടിള്‍ ക്യാബിനറ്റിനെ ഇരുട്ടില്‍ നിര്‍ത്തി കരാറുണ്ടാക്കി. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ കാര്യങ്ങളാണ് സ്പ്രിങ്ഗ്ലര്‍ വിഷയത്തില്‍ ഉണ്ടായത്. സര്‍ക്കാരിനോ ഇടത് മുന്നണിക്കോ വീഴ്ചകള്‍ വരുന്നുണ്ടോ എന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കണം എന്നും ലേഖനത്തില്‍ പറയുന്നു.ഐടി വകുപ്പിലെ സ്വപ്നയുടെ പദവിയാണ് ആരോപണത്തിന് കാരണമായതെന്നും, ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന് വരാനുള്ള സാഹചര്യം പോലും ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു എന്നും കഴിഞ്ഞ ദിവസത്തെ എഡിറ്റോറിയലില്‍ പറഞ്ഞിരുന്നു