വോട്ടെടുപ്പ് ദിവസം തമിഴ്‌നാട് അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍; അരൂരില്‍ കൂടുതല്‍ ബുത്തുകളില്‍ വീഡിയോ ചിത്രീകരണം പരിഗണിക്കണമെന്ന് കോടതി

തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടുള്ളവര്‍ വോട്ടെടുപ്പ് ദിവസം തമിഴ്‌നാട്ടില്‍ നിന്നെത്തി വോട്ടു ചെയ്യുന്നത് തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോല,പീരുമേട്,ദേവികുളം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.അരൂര്‍ നിയോജകണ്ഡലത്തിലെ 39 ബൂത്തുകളില്‍ക്കൂടി വെബ്കാസ്റ്റിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ കോടതിയെ സമീപിച്ചത്

Update: 2021-04-03 11:46 GMT

കൊച്ചി:വോട്ടെടുപ്പ് ദിവസം ഇടുക്കി- തമിഴ്‌നാട് അതിര്‍ത്തികളില്‍ കര്‍ശനം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോല,പീരുമേട്,ദേവികുളം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്.

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണിതെന്നും തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടുള്ളവര്‍ വോട്ടെടുപ്പ്് ദിവസം തമിഴ്‌നാട്ടില്‍ നിന്നെത്തി വോട്ടു ചെയ്യുന്നത് തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു ഇവര്‍ കോടതിയെ മസീപിച്ചത്.ഇത്തരത്തില്‍ ഈ മുന്നൂ മണ്ഡലങ്ങളിലും അതിര്‍ത്തി കടന്നെത്തി വോട്ടു ചെയ്യുന്നത് തടയാന്‍ നടപടി സ്വീകരിക്കും.ഏപ്രില്‍ അഞ്ച്,ആറ് തിയതികളില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.കൂടുതല്‍ കേന്ദ്രസേനയെ നിയോഗിക്കും. അത്യാവശ്യക്കാരെ കര്‍ക്കശമായ പരിശോധനയ്ക്ക് ശേഷം മാത്രമെ കടത്തിവിടുകയുള്ളു.സിസിടിവി അടക്കം സ്ഥാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

അരൂര്‍ നിയോജകണ്ഡലത്തിലെ 39 ബൂത്തുകളില്‍ ഇരട്ടവോട്ടുകള്‍ അധികമുണ്ടെന്നും ഈ ബുത്തുകളില്‍ക്കൂടി വെബ് കാസ്റ്റിംഗ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അരൂരിലെ യൂഡിഎഫ് സ്ഥാനാര്‍ഥിയായ ഷാനിമോള്‍ ഉസ്മാന്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഇവിടെ 46 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിംഗ്ഇപ്പോള്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.ഷാനിമോള്‍ ഉസ്മാന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഇല്ലെങ്കില്‍ അത് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിച്ച് ഉചിതമായ തീരുമാനം സ്വീകരിക്കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ ഈ ബുത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്താമെന്ന് ഷാനിമോള്‍ ഉസ്മാന്‍ അറിയിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെ എതിര്‍ത്തു.

Tags:    

Similar News