ഞായറാഴ്ച പ്രാര്‍ത്ഥനാദിനം; ഫെബ്രുവരി 27ലെ തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് മണിപ്പൂരിലെ ക്രിസ്ത്യന്‍ സംഘടന

Update: 2022-01-18 16:34 GMT

ഇംഫാല്‍; ഞായറാഴ്ച ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തരുതെന്നും അത് പ്രാര്‍ത്ഥനാദിനമാണെന്നും മണിപ്പൂരിലെ ക്രിസ്ത്യന്‍ സംഘടന. ആള്‍ മണിപ്പൂര്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷനാണ് തിരഞ്ഞടുപ്പ് കമ്മീഷനോട് ഇതുസംബന്ധിച്ച അഭ്യര്‍ത്ഥന പുറപ്പെടുവിച്ചത്.

ഫെബ്രുവരി 27നാണ് മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഞായറാഴ്ച ഒഴികെ ഏതെങ്കിലും ദിവസം തിരഞ്ഞെടുപ്പ് നടത്താവുന്നതാണെന്ന് സംഘടന പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

ക്രിസ്ത്യാനികളുടെ മതവികാരത്തെ മാനിച്ചുകൊണ്ട് ആദ്യ ഘട്ടം തിരഞ്ഞെടുപ്പിന്റെ തിയ്യതി മാറ്റണമെന്നാണ് സംഘടനയുടെ ആവശ്യം. മണിപ്പൂര്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായാണ് നടക്കുന്നത്. ആദ്യ ഘട്ടം ഫെബ്രുവരി 27നും രണ്ടാം ഘട്ടം മാര്‍ച്ച് മൂന്നിനും. മാര്‍ച്ച് 10ന് വോട്ടെണ്ണല്‍ നടക്കും. അന്നുതന്നെ ഫലപ്രഖ്യാപനവും ഉണ്ടാവും.

ഫെബ്രുവരി 27ാം തിയ്യതി തിരഞ്ഞെടുപ്പ് നടന്നാല്‍ അത് മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു.

ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നാല്‍ വോട്ടുചെയ്യാനെത്തുന്നവരുടെ എണ്ണം കുറയുമെന്നും പറയുന്നു. മണിപ്പൂരില്‍ 41.29 ശതമാനമാണ് ക്രിസ്ത്യന്‍ ജനസംഖ്യ. ഹിന്ദുക്കള്‍ 41.39 ശതമാനവും മുസ് ലിംകള്‍ 8.40 ശതമാനവുമുണ്ട്.

Tags:    

Similar News