കേരളത്തിലെ മൂന്നു രാജ്യസഭാ സീറ്റകളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് തിയ്യതി സംബന്ധിച്ച് രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു

Update: 2021-03-29 11:08 GMT

കൊച്ചി: കേരളത്തിലെ ഒഴിവു വന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പു നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍.കേരളത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ചോദ്യം ചെയ്ത് എസ് ശര്‍മ്മ എംഎല്‍എയും കേരള നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജികളിലാണ് കോടതി നടപടി. തിരഞ്ഞെടുപ്പ് തിയ്യതി സംബന്ധിച്ച് രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഹരജിയില്‍ വിശദീകരണം നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനെത്തെ ഒന്നും സ്വാധീനിക്കില്ല.നിയമത്തെക്കുറിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് പൂര്‍ണ്ണ ബോധ്യമുണ്ട് നിയമപരമായ സമയക്രമം പാലിച്ച് തിരഞ്ഞെടുപ്പ്് പൂര്‍ത്തിയാക്കും. ഹരജിക്കാരുടെ ആശങ്ക അടിസ്ഥാന രഹിതമാണെന്നും കേന്ദ്രതിരഞ്ഞെടുപ്പു കമ്മീഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.സഭയില്‍ ഒഴിവു വരുന്ന തിയ്യതി മുതല്‍ പുതിയ അംഗം ഉണ്ടായിരിക്കണമെന്ന ഭരണഘടനയിലെ അനുച്ഛേദത്തിന്റെ ലംഘനമാണ് തിരഞ്ഞെടുപ്പു മരവിപ്പിച്ചതിലൂടെ സംഭവിച്ചിരിക്കുന്നതെന്നു ഹരജിക്കാര്‍ ആരോപിച്ചു.

കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഇപെടലിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പു മരവിച്ചതെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ വെളിപ്പെടുത്തല്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നു ഹരജിക്കാര്‍ വ്യക്തമാക്കി. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ അധികാരത്തില്‍ ഇടപെടാന്‍ നിയമ മന്ത്രാലയത്തിനു അവകാശമില്ലെന്നു ഹരജിക്കാര്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിഷ്പക്ഷതയ്ക്ക് കോട്ടം വരുത്തുന്ന രീതിയിലാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.

നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട കമ്മീഷന്റെ അധികാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതിനെതിരെ കോടതി ഇടപെട്ട് പരിഹാരം നിര്‍ദ്ദേശിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ഏപ്രില്‍ 21ന് ഒഴിവ് വരുന്ന വയലാര്‍ രവി, കെ കെ രാഗേഷ്, പി വി അബ്ദുള്‍ വഹാബ് എന്നീ എംപിമാരുടെ ഒഴുവകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.ഹരജി വീണ്ടും അടുത്ത ദിവസം കോടതി പരിഗണിക്കും.

Tags:    

Similar News