തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പിടികൂടിയത് 31 കോടി

44 ലക്ഷം രൂപയുടെ മദ്യവും 21 കോടിയുടെ ലഹരി ഉൽപന്നങ്ങളും മൂന്നു കോടിയുടെ സ്വർണവും 6.63 കോടിയുടെ പണവും പിടിച്ചെടുത്തിട്ടുണ്ട്.

Update: 2019-04-20 14:10 GMT

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇതിനോടകം വിവിധ സ്‌ക്വാഡുകളുടെ പരിശോധനയിൽ സംസ്ഥാനത്ത് 31 കോടി രൂപയുടെ സാധനങ്ങൾ പിടികൂടി. 44 ലക്ഷം രൂപയുടെ മദ്യവും 21 കോടിയുടെ ലഹരി ഉൽപന്നങ്ങളും മൂന്നു കോടിയുടെ സ്വർണവും 6.63 കോടിയുടെ പണവും പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും കർശന പരിശോധനയുണ്ടാവുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വ്യക്തമാക്കി.

സംസ്ഥാനത്ത് 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ട്. 219 ബൂത്തുകളിൽ മാവോയിസ്റ്റ് പ്രശ്‌ന സാധ്യത വിലയിരുത്തിയിട്ടുണ്ട്. ഇതിൽ 72 ബൂത്തുകൾ വയനാട്ടിലും 67 മലപ്പുറത്തും കണ്ണൂരിൽ 39ഉം കോഴിക്കോട് 41 ഉം ബൂത്തുകളുണ്ട്. പോളിങ് ജോലികൾക്ക് 1,01,140 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1670 സെക്ടറൽ ഓഫീസർമാരും 33,710 പ്രിസൈഡിങ് ഓഫീസർമാരുമുണ്ട്. 23ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്. രാവിലെ ആറിന് മോക്ക് പോൾ നടക്കും.

സംസ്ഥാനത്ത് 55 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാവും. 257 സ്‌ട്രോങ് റൂമുകളാണുള്ളത്. 2310 കൗണ്ടിങ് സൂപ്പർവൈസർമാരെ നിയോഗിക്കും. 57 കമ്പനി കേന്ദ്ര സേനയെയാണ് കേരളത്തിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സ്‌ട്രോങ് റൂമുകൾക്ക് 12 കമ്പനി സിആർപിഎഫ് സുരക്ഷ ഒരുക്കും. കൂടുതൽ സേനയെ ഇതിനായി വേണ്ടിവരുമെന്നും മൂന്നുനിര സുരക്ഷയാണ് ഒരുക്കുകയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിങ് ബൂത്തുകളിൽ വിവിപാറ്റ് എണ്ണും.

Tags:    

Similar News