തിരഞ്ഞെടുപ്പ്: കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; വ്യാജമദ്യത്തിനെതിരേ എക്സൈസിന്റെ സ്പെഷ്യല്‍ ഡ്രൈവ്

ഡ്രഗ് ഇന്‍സ്‌പെക്ടറുമായി ചേര്‍ന്ന് താലൂക്ക് അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഷോപ്പുകളിലും പരിശോധന നടത്തി ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നും ഗുളികകളും വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

Update: 2020-11-26 12:06 GMT


കോട്ടയം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യനിര്‍മാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് വിപണനം തുടങ്ങിയവയ്ക്കെതിരെയുള്ള സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ എക്സൈസ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. എക്സൈസ് ഡിവിഷന്‍ ഓഫീസിലും വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം, പൊന്‍കുന്നം, പാലാ സര്‍ക്കിളുകളിലുമുള്ള കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. താലൂക്ക് തല സ്ട്രൈക്കിങ് ഫോഴ്സുകള്‍ക്ക് പുറമേ പോലിസ്, വനംവകുപ്പ്, റെയില്‍വേ, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത റെയ്ഡുകളും പട്രോളിങ്ങും നടത്തിവരുന്നു.

വനമേഖലകള്‍, കായല്‍ തീരത്തും തുരുത്തുകളിലും അടഞ്ഞുകിടക്കുന്ന ഫാക്ടറികള്‍, അന്തര്‍ സംസ്ഥാന തൊഴിലാളി ക്യാംപുകള്‍ എന്നിവിടങ്ങളില്‍ നീരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാറുകള്‍, കളളു ഷാപ്പുകള്‍, ബിയര്‍ പാര്‍ലറുകള്‍, ബീവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി മദ്യത്തിന്റെയും കള്ളിന്റെയും സാംപിളുകള്‍ ദിവസവും ശേഖരിച്ച് രാസപരിശോധന നടത്തിവരുന്നു. തെക്കന്‍ മേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൊബൈല്‍ ലാബ് മുഖേനയാണ് സാംപിള്‍ പരിശോധന നടത്തുന്നത്.

ഡ്രഗ് ഇന്‍സ്‌പെക്ടറുമായി ചേര്‍ന്ന് താലൂക്ക് അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഷോപ്പുകളിലും പരിശോധന നടത്തി ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നും ഗുളികകളും വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നുന്ന സാഹചര്യങ്ങളുണ്ടായാല്‍ മുന്‍കരുതല്‍ എന്ന നിലക്ക് കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതിന് നടപടിയെടുക്കും.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍നിന്നും വാഹനങ്ങളില്‍ ലഹരി വസ്തുക്കള്‍ കടത്തുന്നത് തടയാന്‍ ജില്ലാ അതിര്‍ത്തികളിലും ഹൈവേകളിലും പട്രോളിങ് ഏര്‍പ്പെടുത്തി. ക്രിസ്മസ്, പുതുവല്‍സര ആഘോഷവേളകള്‍ കൂടി കണക്കിലെടുത്തുള്ള സ്‌പെഷ്യല്‍ ഡ്രൈവ് 2021 ജനുവരി അഞ്ചുവരെ തുടരും. അനധികൃത മദ്യ, മയക്കുമരുന്ന് നിര്‍മാണം, വില്‍പ്പന, സൂക്ഷിപ്പ്, കടത്തിക്കൊണ്ടുപോവല്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ചുവടെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ വിവരം നല്‍കണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എ ആര്‍ സുള്‍ഫിക്കര്‍ അറിയിച്ചു.

എക്സൈസ് ഡിവിഷന്‍ ഓഫിസ് ആന്റ് കണ്‍ട്രോള്‍ റൂം - 0481 -2562211, (ടോള്‍ഫ്രീ നമ്പര്‍ - 1800 425 2818)

എക്സൈസ് സര്‍ക്കിള്‍ ഓഫിസ്, കോട്ടയം- 0481 2583091, 9400069508

സര്‍ക്കിള്‍ ഓഫിസുകള്‍: ചങ്ങനാശേരി- 0481 2422741, 9400069509, പൊന്‍കുന്നം - 04828 221412, 9400069510, പാലാ - 04822 212235, 9400069511, വൈക്കം - 04829 231592, 9400069512, സ്പെഷ്യല്‍ സ്‌ക്വാഡ്, കോട്ടയം - 0481 2583801, 9400069506, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍, കോട്ടയം - 9496002865.

Tags:    

Similar News