വോട്ടെണ്ണലിന് ഒരാഴ്ച; ഒരുക്കങ്ങള്‍ വേഗത്തില്‍
പ്രതീക്ഷയോടെയും ആശങ്കയോടെയും മുന്നണികള്‍ 23ലെ ഫലത്തിനായി കാത്തിരിക്കുമ്പോള്‍ സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം: രാജ്യത്ത് നിര്‍ണായകമായ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ ഇനി ഒരാഴ്ച മാത്രം. പ്രതീക്ഷയോടെയും ആശങ്കയോടെയും മുന്നണികള്‍ 23ലെ ഫലത്തിനായി കാത്തിരിക്കുമ്പോള്‍ സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിപിഎം യോഗം ചേരുകയും 14 സീറ്റുകളില്‍ വരെ കേരളത്തില്‍ പാര്‍ട്ടിക്ക് വിജയസാധ്യതയുണ്ടെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. ബിജെപിയാവട്ടെ തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ് വിജയ പ്രതീക്ഷ പുലര്‍ത്തുന്നത്. തൃശൂരില്‍ ശക്തമായ മൽസരം കാഴ്ച്ചവക്കാന്‍ കഴിഞ്ഞുവെന്നും അവര്‍ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പ് അവലോകനത്തിനായുള്ള യുഡിഎഫിന്റെ യോഗത്തിലെ വിലയിരുത്തല്‍ 20 സീറ്റില്‍ 20 എണ്ണവും നേടുമെന്നാണ്. അതേസമയം, എല്ലാ പാര്‍ട്ടികളും കള്ളവോട്ടും വോട്ട് അട്ടി മറികളെയും ഭയക്കുന്നുമുണ്ട്.
അതിനിടെ, വോട്ടെണ്ണലിന് വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂനിറ്റ് മാത്രം മതിയാകും. വോട്ട് സംബന്ധിച്ച വിശദാംശങ്ങളെല്ലാം ഇതില്‍ ഭദ്രമാണ്. പുതിയ ബാറ്ററി ഉപയോഗിച്ചാണ് കണ്‍ട്രോള്‍ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കുക. സമ്മതിദായകര്‍ക്ക് വോട്ട് രേഖപ്പെടുത്താനായി വോട്ടിങ് കമ്പാര്‍ട്ട്‌മെന്റില്‍ വച്ചിരുന്ന ബാലറ്റ് യൂനിറ്റ് വോട്ടെണ്ണലിന് ആവശ്യമില്ല. പോളിങ് സ്റ്റേഷനില്‍ വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ 17 സി രജിസ്റ്ററും കണ്‍ട്രോള്‍ യൂനിറ്റിനൊപ്പം വോട്ടെണ്ണല്‍ മേശയില്‍ പരിശോധിക്കും. വോട്ടെണ്ണലിനു മുന്‍പായി കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെ സീലുകള്‍ പരിശോധിക്കും. അതിനു മുന്‍പായി കണ്‍ട്രോള്‍ യൂനിറ്റ് സൂക്ഷിച്ചിട്ടുള്ള വലിയ പെട്ടിയുടെ പേപ്പര്‍ സീലുകളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. ഓരോ ടേബിളിലും കൗണ്ടിങ് സൂപ്പര്‍വൈസര്‍ക്കു പുറമെ ഓരോ കൗണ്ടിങ് അസിസ്റ്റന്റിനെയും നിയോഗിക്കും. ടേബിളുകള്‍ കേന്ദ്രീകരിച്ച് മൈക്രോ നിരീക്ഷകരുമുണ്ടാവും.
കൗണ്ടിങ് ഏജന്റുമാരുടെ നിയമന നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെയും യോഗം ഉടന്‍ ചേരും. കൂടാതെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മുഴുവന്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഉണ്ടാകും. തിരഞ്ഞെടുപ്പ് ഫലം തൽസമയം ജനങ്ങളില്‍ എത്തിക്കുന്നതിന് പോളിങ് സ്റ്റേഷന് സമീപത്തായി മീഡിയ പവലിയനും ഒരുക്കുന്നുണ്ട്.