വൈദ്യുതി നിരക്ക് വര്‍ധന: 12ന് എസ്ഡിപിഐ പ്രതിഷേധം

Update: 2019-07-09 13:06 GMT

കോഴിക്കോട്: വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ച പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരേ 12ന് പ്രതിഷേധ ദിനമായി ആചരിക്കാന്‍ കോഴിക്കോട് ചേര്‍ന്ന എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രദേശിക തലത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. വൈദ്യുതി ചാര്‍ജ് വര്‍ധന അടിയന്തരമായി പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു.

അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അങ്കണവാടികള്‍ തുടങ്ങിയവയുടെയും പെട്ടിക്കടകളുടെയും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ല. അനാഥാലയങ്ങള്‍ക്ക് നാളിതുവരെ ഫിക്‌സഡ് ചാര്‍ജ് ഉണ്ടായിരുന്നില്ല. അതും അടിച്ചേല്‍പ്പിച്ചിരിക്കുന്ന നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തിലൂടെ പ്രതിസന്ധിയിലായിരിക്കുന്ന ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ വൈദ്യുതി ചാര്‍ജ് വര്‍ധനവോടെ അടച്ചുപൂട്ടേണ്ട ഗതികേടിലാണ്. വന്‍കിടക്കാരില്‍ നിന്ന് 900 കോടിയോളം രൂപ കുടിശ്ശിഖ ഇനത്തില്‍ പിരിഞ്ഞു കിട്ടാനുള്ളപ്പോള്‍ അതു പിരിച്ചെടുക്കാനുള്ള ആര്‍ജവമില്ലാത്ത സര്‍ക്കാരാണ് ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

ഇന്ധന വിലവര്‍ധനവിലൂടെ കേന്ദ്രവും വൈദ്യുതി ചാര്‍ജ് വര്‍ധനവിലൂടെ സംസ്ഥാന സര്‍ക്കാരും ജനദ്രോഹ നടപടികളില്‍ മല്‍സരിക്കുകയാണ്. അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അശ്‌റഫ് മൗലവി, എം കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ എസ് ഷാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, ട്രഷറര്‍ അജ്മല്‍ ഇസ്മയില്‍, സെക്രട്ടറിയേറ്റംഗങ്ങളായ പി പി മൊയ്തീന്‍ കുഞ്ഞ്, ഇ എസ് ഖ്വാജാ ഹുസൈന്‍, പികെ ഉസ്മാന്‍ സംസാരിച്ചു. 

Tags:    

Similar News