പരിസ്ഥിതി ദിനം:എറണാകുളം ജില്ലയില്‍ ഒരുങ്ങുന്നത് രണ്ടര ലക്ഷം വൃക്ഷ തൈകള്‍

തൊഴിലുറപ്പ് പദ്ധതി 2022-23 സാമ്പത്തിക വര്‍ഷം സോഷ്യല്‍ ഫോറസ്ട്രിയുമായി സംയോജിച്ച് നടപ്പിലാക്കുന്ന പദ്ധതി വഴി ജില്ലയിലാകെ 2,93,000 വൃക്ഷ തൈകള്‍ നട്ട് പരിപാലിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു

Update: 2022-04-05 10:08 GMT

കൊച്ചി: ലോക പരിസ്ഥിതി ദിനത്തില്‍ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നട്ടുപിടിപ്പിക്കാന്‍ വൃക്ഷത്തൈകള്‍ ഒരുക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍. തൊഴിലുറപ്പ് പദ്ധതി 2022-23 സാമ്പത്തിക വര്‍ഷം സോഷ്യല്‍ ഫോറസ്ട്രിയുമായി സംയോജിച്ച് നടപ്പിലാക്കുന്ന പദ്ധതി വഴി ജില്ലയിലാകെ 2,93,000 വൃക്ഷ തൈകള്‍ നട്ട് പരിപാലിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി നിലവില്‍ 2,34,572 ഫലവൃക്ഷ തൈകളുടെ വിത്തുകള്‍ സോഷ്യല്‍ ഫോറസ്ട്രി വഴി ലഭ്യമാക്കി.

വിത്തുകള്‍ മുളപ്പിച്ച് തൈകള്‍ ആക്കി പരിപാലിക്കുന്നതിനായി വിവിധ പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നേഴ്‌സറികള്‍ ആരംഭിച്ച് കഴിഞ്ഞു. പൊതുഭൂമി ലഭ്യമായിട്ടുള്ള 69 പഞ്ചായത്തുകളിലായി 92 നേഴ്‌സറികളാണ് തയ്യാറായിരിക്കുന്നത്. നേഴ്‌സറി നിര്‍മ്മാണത്തിനായി ഇതുവരെ 41,63,000 രൂപ ചിലവഴിച്ചിട്ടുണ്ട്.പേര, നാരകം, മാതളം, നെല്ലി, കുടംപുളി, അമ്പഴം,സീതപ്പഴം, നീര്‍മരുത്,ബദാം തുടങ്ങിയ 35 ഓളം ഇനം ഫലവൃക്ഷ തൈകള്‍ ആണ് നേഴ്‌സറികളില്‍ ഒരുങ്ങുന്നത്.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് , പൊതു ഇടങ്ങള്‍, പാതയോരങ്ങള്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍പ്പെടുന്ന വ്യക്തിഗത ഗുണഭോക്താക്കളുടെ സ്വകാര്യ ഭൂമികള്‍,സ്ഥല ലഭ്യതയുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു പരിപാലിക്കാനാണ് ലക്ഷ്യമിടുന്നത്.ഹരിതകേരളം മിഷനുമായി ചേര്‍ന്നാണ് ഈ പച്ചത്തുരുത്ത്കളുടെ നിര്‍മ്മാണം നടപ്പിലാക്കുന്നത്.വിത്ത് മുളപ്പിച്ച് തൈകള്‍ പൊതുസ്ഥലങ്ങളില്‍ നടന്നതില്‍ മാത്രമൊതുങ്ങാതെ വൃക്ഷത്തൈകളുടെ പരിപാലനവും ഏറ്റെടുക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍.പൊതു ഭൂമിയില്‍ നടുന്ന വൃക്ഷത്തൈകളുടെ പരിപാലനം മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കും. ജൂണ്‍ അഞ്ചിനാണ് ലോക പരിസ്ഥിതി ദിനം.

Tags:    

Similar News