കര്‍ദിനാളിനെതിരെ ഉപവാസ സമരം: വൈദികരുമായി സിനഡ് ഇന്ന് ചര്‍ച്ച നടത്തും

ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് എറണകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് വെച്ചാണ് ചര്‍ച്ച നടത്തുന്നത്. എന്നാല്‍ ചര്‍ചയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കതരുതെന്ന ഉപാധി സമരക്കാരായ വൈദികര്‍ മുന്നോട്ടു വെച്ചതായാണ് സമരം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ ബിഷപ് ഹൗസിനുള്ളിലാണ് ഒരു വിഭാഗം വൈദികര്‍ ഇന്നലെ മുതല്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചിരിക്കുന്നത്

Update: 2019-07-19 03:59 GMT

കൊച്ചി: ഭൂമി വില്‍പന വിവാദത്തെ തുടര്‍ന്ന് മാറ്റി നിര്‍ത്തിയിരുന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല തിരിച്ചു നല്‍കിയതിലും സഹായമെത്രാന്മാരെ പുറത്താക്കിയതിലും പ്രതിഷേധിച്ച് ഇന്നലെ മുതല്‍ അനിശ്ചിത കാല ഉപവാസ സമരം ആരംഭിച്ചിരിക്കുന്ന കര്‍ദിനാള്‍ വിരുദ്ദ പക്ഷക്കാരായ വൈദികരെ അനുനയിപ്പിക്കാന്‍ സ്ഥിരം സിനഡ് ഇടപെടുന്നു. പ്രതിഷേധവുമായി മുന്നോട്ടു പോകുന്ന വൈദികരുമായി സ്ഥിരം സിനഡിലെ ബിഷപുമാര്‍ ഇന്ന് ചര്‍ച്ച നടത്തും. ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ വെച്ചാണ് ചര്‍ച്ച.മാര്‍ ആന്‍ഡ്രൂസ് താഴത്തിനെക്കൂടാതെ മാര്‍ മാത്യു മൂല്ലക്കാട്ട്, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം.എന്നാല്‍ ചര്‍ചയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കതരുതെന്ന ഉപാധി സമരക്കാരായ വൈദികര്‍ മുന്നോട്ടു വെച്ചതായാണ് സമരം. കര്‍ദിനാളിനെതിരെയാണ് സമരം നടക്കുന്നത് ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് ഇവര്‍ പറഞ്ഞതായാണ് അറിയുന്നത്.ഉച്ചയോടെ ഇത് സംബന്ധിച്ച് വ്യക്തത വരും.

എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ ബിഷപ് ഹൗസിനുള്ളിലാണ് ഒരു വിഭാഗം വൈദികര്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചിരിക്കുന്നത്. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ച് സഹായമെത്രാന്മാരെയും വൈദികരെയും വിശ്വാസികളെയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക,അതിരൂപതയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ സ്ഥാപനങ്ങളെയും വൈദികരെയും വിശ്വാസികളെയും സംരക്ഷിക്കാന്‍ കഴിയാത്തതിനാലും 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാലും അതിരൂപതയുടെ ഭരണച്ചുമതലയില്‍ നിന്നും മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മാറ്റി നിര്‍ത്തുക, കാരണം വ്യക്തമാക്കാതെ സസ്പെന്റു ചെയ്ത സഹായമെത്രാന്മാരെ ചുമതലകള്‍ നല്‍കി തിരിച്ചെടുക്കുക,കുറ്റാരോപിതനും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കര്‍ദിനാളിനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തി മാര്‍പാപ്പയുടെ പ്രതിനിധിയുടെ നിരീക്ഷണത്തില്‍ സിനഡ് സമ്മേളനം നടത്തുക,എറണാകുളം-അങ്കമാലി അതിരൂപതയക്ക് സ്വതന്ത്ര ചുമതലയുള്ള അതിരൂപതാംഗമായ അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച് ബിഷപിനെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വൈദികര്‍ സമരം ആരംഭിച്ചിരിക്കുന്നത്.

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യജ രേഖ ചമച്ചുവെന്ന കേസില്‍ അന്വേഷണം പോലിസ് കൂടുതല്‍ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മൂണ്ടാടനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും വൈദിക സമിതി യോഗത്തിന്റെ മിനിട്സ് പോലിസ് പരിശോധിക്കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെ കര്‍ദിനാള്‍ വിരുദ്ധ പക്ഷക്കാരയ ഏകദേശം 200 ഓളം വൈദികര്‍ ഇന്നലെ രാവിലെ അതിരൂപത ആസ്ഥാനെത്തി യോഗം ചേര്‍ന്നു.യോഗത്തില്‍ വ്യാജ രേഖയുമായി ബന്ധപ്പെട്ട് കൂടുതല്‍ വൈദികരെയും അല്‍മായരെയും അന്വേഷണ സംഘം പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്നതായിരുന്നു പ്രധാനമായും ചര്‍ച്ച. ഇതിനിടയില്‍ യോഗത്തിലേക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെത്തി.തുടര്‍ന്ന് വൈദികര്‍ കര്‍ദിനാളിനോട്് ചോദ്യങ്ങള്‍ ഉന്നയിച്ചുവെങ്കിലും കര്‍ദിനാള്‍ നല്‍കിയ മറുപടി തൃപ്തികരല്ലെന്നാണ് വൈദികര്‍ പറയുന്നത്.ഇതിനു ശേഷമാണ് ഒരു വിഭാഗം വൈദികര്‍ ആസ്ഥാന മന്ദിരത്തിനുള്ളിലെ ഹാളില്‍ ഉപവാസ സമരം ആരംഭിച്ചത്. സ്ഥിരം സിനഡ് അംഗങ്ങളായ ബിഷപുമാര്‍ അതിരൂപത ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് വൈദികര്‍. 

Tags:    

Similar News