വല്ലാര്‍പാടം മേല്‍പാലത്തിലും വിള്ളല്‍ ; ഗതാഗതം നിര്‍ത്തി , സുരക്ഷിതത്വം വിലയിരുത്തിയ ശേഷം മാത്രമെ ഗതാഗതം അനുവദിക്കുവെന്ന് കലക്ടര്‍

കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച പാലാരിവട്ടം മേല്‍പാലം ഗതാഗതത്തിനു തുറന്നു കൊടുത്തു മൂന്നു വര്‍ഷത്തിനുള്ളില്‍ തകരാറിനെ തുടര്‍ന്ന് അടച്ചിട്ടതിനു പിന്നാലെയാണ് ഇപ്പോള്‍ വൈപ്പിനിലേക്കുള്ള ഗോശ്രീ റോഡിലെ മേല്‍പാലത്തിലും തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. കോടികള്‍ മുടക്കി നിര്‍മിച്ച ഈ പാലവും ഗതാഗതത്തിനു തുറന്നു കൊടുത്തിട്ട് ഏറെനാളുകളായിട്ടില്ല

Update: 2019-06-26 09:58 GMT

കൊച്ചി:തകരാറിനെ തുടര്‍ന്ന് പാലാരിവട്ടം മേല്‍പാലം അടച്ചിട്ടതിനു പിന്നാലെ ഹൈക്കോര്‍ട് ജംഗ്ഷനു സമീപത്തു നിന്നും വൈപ്പിനിലേക്കുള്ള ഗോശ്രീ റോഡിലെ മേല്‍പാലത്തിലും വിള്ളല്‍. ഇതേ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച പാലാരിവട്ടം മേല്‍പാലം ഗതഗാതത്തിനു തുടര്‍ന്നു കൊടുത്തു മൂന്നു വര്‍ഷത്തിനുള്ളില്‍ തകരാറിനെ തുടര്‍ന്ന് അടച്ചിട്ടതിനു പിന്നാലെയാണ് ഇപ്പോള്‍ വൈപ്പിനിലേക്കുള്ള ഗോശ്രീ റോഡിലെ മേല്‍പാലത്തിലും തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. കോടികള്‍ മുടക്കി നിര്‍മിച്ച ഈ പാലവും ഗതാഗതത്തിനു തുറന്നു കൊടുത്തിട്ട് ഏറെനാളുകളായിട്ടില്ല.

ഗോശ്രീ റോഡില്‍ ഡിപി വേള്‍ഡിന് മുന്‍വശം മേല്‍പ്പാലത്തില്‍ കണ്ടെത്തിയ തകരാര്‍ പരിഹരിച്ച് സുരക്ഷിതത്വം വിലയിരുത്തിയ ശേഷം മാത്രമെ ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിക്കുവെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. പാലത്തില്‍ വിള്ളല്‍ കണ്ട സ്ഥലം പരിശോധിച്ച ശേഷമാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.പാലത്തിന്റെ തകരാര്‍ പഠിച്ച് വേണ്ട നടപടികള്‍ നിര്‍ദേശിക്കാന്‍ വിദഗ്ധര്‍ എത്തിയിട്ടുണ്ട്. അവര്‍ പഠിച്ചതിനു ശേഷം റിപോര്‍ട് സമര്‍പ്പിക്കും.അവരുടെ നിര്‍ദേശപ്രകാരം ബന്ധപ്പെട്ട ഏജന്‍സികള്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. ഇതുവഴി വാഹനങ്ങള്‍ കടത്തിവിടാന്‍ പറ്റുമോയെന്ന് അവര്‍ പരിശോധിക്കും.ഇന്നു തന്നെ ഇവര്‍ പരിശോധന പൂര്‍ത്തിയാക്കും. ഗ്രാവല്‍ നീക്കം ചെയ്തുവേണം പരിശോധിക്കാന്‍.അതിലുടെ മാത്രമെ തകരാര്‍ എങ്ങനെയാണെന്ന് വ്യക്തമാകുകയുള്ളു. ഇപ്പോള്‍ മുകളില്‍ മാത്രമാണ് വിള്ളല്‍ കാണുന്നതെന്നും കലക്ടര്‍ പറഞ്ഞു.പാലവുമായി ബന്ധപ്പെട്ട് കൊച്ചി തുറമുഖ ട്രസ്റ്റ്, നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ എന്നീ ഏജന്‍സികള്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

Tags:    

Similar News