മന്ത്രി ആര്‍ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന്; ഹരജിയുമായി തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍

വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നവിധം 'പ്രഫസര്‍' എന്ന പദം പേരിനുമുമ്പ് ബോധപൂര്‍വം ഉപയോഗിച്ചാണ് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇത് തിരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന തോമസ് ഉണ്ണിയാടന്‍ ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു

Update: 2021-06-30 16:29 GMT

കൊച്ചി: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് എംഎല്‍എയും മന്ത്രിയുമായ ആര്‍ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണെമന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നവിധം 'പ്രഫസര്‍' എന്ന പദം പേരിനുമുമ്പ് ബോധപൂര്‍വം ഉപയോഗിച്ചാണ് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇത് തിരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും തോമസ് ഉണ്ണിയാടന്‍ ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രഫസര്‍ അല്ലന്ന് ഉത്തമബോധ്യമുണ്ടായിട്ടും വോട്ട് ലക്ഷ്യമിട്ട് ആ പദം ഉപയോഗിച്ചെന്നാണ് ഹരജിയിലെ ആരോപണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്ററുകളിലും ലഘുലേഖകളിലും നോട്ടീസുകളിലും ചുവരെഴുത്തുകളിലും മറ്റ് പ്രചാരണ സാമഗ്രികളിലുമെല്ലാം പ്രഫസര്‍ എന്ന പദം പേരിനൊപ്പം ചേര്‍ത്തിരുന്നു. ബാലറ്റിലും ഇലക്ട്രോണിക് വോട്ടുയന്ത്രത്തിലും പ്രഫസര്‍ ചേര്‍ത്ത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചു. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സ്വാധീനിച്ച് നേടിയ വിജയം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സ്വഭാവവുമായി ബന്ധപ്പെട്ടു തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ തനിക്കെതിരെ പ്രസ്താവന നടത്തി. അഴിമതിക്കാരനാണ് താനെന്ന് പ്രചരണം നടത്തിയെന്നും തോമസ് ഉണ്ണിയാടന്‍ ഹരജിയില്‍ ആരോപിക്കുന്നു.

Tags:    

Similar News