ഭൂമിയിടപാട്: കര്‍ദിനാള്‍ അടക്കം അതിരൂപത നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായി സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡ്

ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത് സീറോ മലബാര്‍ സഭ തലവനായ മേജര്‍ ആര്‍ച്ചുബിഷപ്പിനെതിരേയാണ് എന്നത് പ്രതിസന്ധികളെ കൂടുതല്‍ ഗുരുതരമാക്കി. വിവാദ ഭൂമി ഇടപാടില്‍ അതിരൂപതയിലെ കാനോനിക സമിതികളുടെയും സഹായ മെത്രാന്മാരുടെയും മെത്രാപ്പോലീത്തയുടെയും കൂട്ടായ ഉത്തരവാദിത്തത്തില്‍ വീഴ്ചകളുണ്ടായി.ഇടനിലക്കാര്‍ റിയല്‍ എസ്റ്റേറ്റ് രീതിയില്‍ സാമ്പത്തിക നേട്ടം മുന്നില്‍ കണ്ടു പ്രവര്‍ത്തിച്ചത് യഥാസമയം കണ്ടെത്താനോ നടപടികള്‍ എടുക്കാനോ അതിരൂപതാ നേതൃത്വത്തിനോ കാനോനിക സമിതികള്‍ക്കോ കഴിഞ്ഞില്ല. ഇതിനുവേണ്ടി നിയോഗിക്കപ്പെട്ടിരുന്ന വൈദികര്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ സാരമായ വീഴ്ച വരുത്തി

Update: 2019-08-30 12:00 GMT

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ അടക്കമുള്ള അതിരൂപത നേതൃത്വത്തിനും കാനോനിക സമിതികള്‍ക്കും വീഴ്ച സംഭവിച്ചതായി സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡ്. ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത് സീറോ മലബാര്‍ സഭ തലവനായ മേജര്‍ ആര്‍ച്ചുബിഷപ്പിനെതിരേയാണ് എന്നത് പ്രതിസന്ധികളെ കൂടുതല്‍ ഗുരുതരമാക്കി. വിവാദമായ ഭൂമി ഇടപാടില്‍ അതിരൂപതയിലെ കാനോനിക സമിതികളുടെയും സഹായ മെത്രാന്മാരുടെയും മെത്രാപ്പോലീത്തയുടെയും കൂട്ടായ ഉത്തരവാദിത്തത്തില്‍ വീഴ്ചകളുണ്ടായിട്ടുണ്ടെന്നും സിനഡ് വിലയിരുത്തി.കര്‍ദിനാളോ സഹായ മെത്രാന്മാരോ, അതിരൂപതയിലെ വൈദികരോ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ല എന്നാണ് വ്യക്തമാകുന്നതെന്നും സിനഡ് വിലയിരുത്തി.ഇടനിലക്കാര്‍ റിയല്‍ എസ്റ്റേറ്റ് രീതിയില്‍ സാമ്പത്തിക നേട്ടം മുന്നില്‍ കണ്ടു പ്രവര്‍ത്തിച്ചത് യഥാസമയം കണ്ടെത്താനോ നടപടികള്‍ എടുക്കാനോ അതിരൂപതാ നേതൃത്വത്തിനോ കാനോനിക സമിതികള്‍ക്കോ കഴിഞ്ഞില്ല. ഇതിനുവേണ്ടി നിയോഗിക്കപ്പെട്ടിരുന്ന വൈദികര്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ സാരമായ വീഴ്ച വരുത്തിയിട്ടുണ്ടെന്നും സിനഡ് വിലയിരുത്തി.ഭൂമി ഇടപാടിലൂടെ അതിരൂപതയ്ക്ക് നഷ്ടം വന്നിട്ടുണ്ടെങ്കില്‍ അത് ശാസ്ത്രീയമായ പഠനങ്ങളിലൂടെ കണ്ടെത്തേണ്ടതും വീണ്ടെടുക്കേണ്ടതുമാണ്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിയമിതനായ മെത്രാപ്പോലീത്തന്‍ വികാരി നേതൃത്വമെടുത്ത് സ്ഥിരം സിനഡ് അംഗങ്ങളുടെ സഹായത്തോടെ ഇതിനായി സമയബന്ധിതമായി പരിശ്രമിക്കണമെന്നും സിനഡ് നിര്‍ദേശിച്ചു.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള ചില വ്യാജരേഖകളും പ്രത്യക്ഷപ്പെട്ടു എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. ഈ വ്യാജരേഖകളുടെ യഥാര്‍ഥ ഉറവിടം കണ്ടെത്തുവാനായി സിനഡിന്റെ അംഗീകാരത്തോടെ നല്‍കിയ കേസില്‍ മാര്‍ ജേക്കബ് മനത്തോടത്ത്,ഫാ. പോള്‍ തേലക്കാട്ട് എന്നിവര്‍ പ്രതിചേര്‍ക്കപ്പെട്ടത് വ്യാജരേഖാ കേസിന് പുതിയ മാനങ്ങള്‍ നല്‍കി. സിനഡിനു വേണ്ടി പരാതി നല്‍കിയ വൈദികന്റെ മൊഴിക്ക് വിരുദ്ധമായി പ്രതിചേര്‍ക്കപ്പെട്ട ഇവരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ പരാതിക്കാരന്‍ സിആര്‍പിസി 164 വകുപ്പ് പ്രകാരം മജിസ്ട്രറ്റിനു മുമ്പില്‍ മൊഴി നല്‍കിയിട്ടുണ്ട്്. ഈ കേസിനോടനുബന്ധിച്ച് പരാതിക്കാരന്റേതായി നിയമപരമായി നിലനില്‍ക്കുന്ന ഏക മൊഴി ഇതു മാത്രമാണ്. ഈ കേസില്‍ സിനഡിനുവേണ്ടി നല്‍കിയ പരാതിയില്‍ ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍് സിനഡ് ഉദ്ദേശിച്ചിരുന്നില്ല. പരാതിയില്‍ ഉന്നയിച്ച വസ്തുതകള്‍ക്ക് വിരുദ്ധമായി വ്യത്യസ്ത പ്രഥമവിവര മൊഴികള്‍ പോലീസ് ഹാജരാക്കിയതിനു പിന്നില്‍ ചില സഭാവിരുദ്ധ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടെന്ന് സംശയിക്കുന്നതായും സിനഡ് വ്യക്തമാക്കി.വ്യാജരേഖയുടെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തണം എന്ന ലക്ഷ്യത്തിലുറച്ചു നില്‍ക്കുന്നു. അതേ സമയം ഈ കേസുമായി ബന്ധപ്പെട്ട് അന്യായമായി ആരും പീഡിപ്പിക്കപ്പെടരുതെന്ന് സിനഡിന് നിര്‍ബന്ധമുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായി സാധ്യമായ ഇടപെടലുകള്‍ നടത്തുമെന്നും സിനഡ് വ്യക്തമാക്കി.

ഭൂമി വിവാദത്തോടനുബന്ധിച്ചുണ്ടായ പ്രതിഷേധങ്ങളില്‍ പലതും സഭയില്‍ പാലിക്കേണ്ട അച്ചടക്കത്തിന്റെ സകല സീമകളും ലംഘിക്കുന്നതായിരുന്നു. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കോലം കത്തിച്ച ചില വ്യക്തികളുടെ നടപടി സഭയ്ക്ക് തീരാകളങ്കമായി.വെദികര്‍ അതിരൂപതാ കാര്യാലയത്തിലേക്കു പ്രതിഷേധ പ്രകടനമായി ചെന്ന് നിവേദനം നല്‍കിയതും അതിരൂപതാധ്യക്ഷനെതിരേ ആക്ഷേപകരമായ വിശേഷണങ്ങളോടെ വാര്‍ത്താ സമ്മേളനങ്ങള്‍ ആവര്‍ത്തിച്ചു നടത്തിയതും കത്തോലിക്കാ പൗരോഹിത്യ സംസ്‌കാരത്തിന് അന്യവും സഭയുടെ ശത്രുക്കള്‍ക്ക് വിരുന്നൊരുക്കുന്നതുമായ നടപടികളായിരുന്നുവെന്നും സിനഡ് വിലയിരുത്തി.അതിമെത്രാസന മന്ദിരത്തില്‍ ഒരു വൈദികന്‍ ഉപവാസ സമരം നടത്തിയതും അതിന് ഏതാനും വൈദികര്‍ പിന്തുണ പ്രഖ്യാപിച്ചതും സഭയില്‍ വലിയ ക്ഷതമാണ് ഏല്‍പ്പിച്ചത്. ഇത്തരം നടപടികള്‍ പ്രതിഷേധാര്‍ഹമണെന്നും സിനഡ് വ്യക്തമാക്കി. ഇത്തരം നടപടികള്‍ തിരുത്താനുള്ള ഉത്തരവാദിത്തം എറണാകുളം-അങ്കമാലി അതിരൂപതയില്‍ പുതുതായി നിയമിതനായ മെത്രാപ്പോലീത്തന്‍ വികാരിയ്ക്കായിരിക്കുമെന്നും സിനഡ് വ്യക്തമാക്കി.ഇതിന്റെ ഭാഗമായി മെത്രാപ്പോലീത്തന്‍ വികാരിയെ സഹായിക്കാന്‍ സിനഡ് മെത്രാന്‍ സമിതിയെ നിയോഗിച്ചു.വിവാദങ്ങളുടെ മറവില്‍, സഭയില്‍ വിഭാഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലൂടെ നടന്നു എന്നതും അപലപനീയമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്പരം അധിക്ഷേപിക്കുന്ന വിവിധ ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ എല്ലാ രൂപതകളും ശ്രദ്ധിക്കണം. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനും വാര്‍ത്താ കുറിപ്പുകള്‍ നല്‍കുന്നതിനും വൈദികര്‍ക്ക് മെത്രാന്റെ അനുമതി ആവശ്യമാണെന്നും സിനഡ് വ്യക്തമാക്കി.

Tags:    

Similar News